അമിത് ഷാ കൊലക്കേസ് പ്രതിയെന്ന് രാഹുൽ

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലക്കേസ് പ്രതിയാണ് അമിത് ഷാ. കുറഞ്ഞ സമയം കൊണ്ട് സ്വത്ത് പതിന്മടങ്ങാക്കിയ മാന്ത്രികനാണ് അമിത് ഷായുടെ മകനെന്നും രാഹുല്‍ ആരോപിച്ചു.

മധ്യപ്രദേശിലെ ജബല്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ബിജെപി ദേശീയ അധ്യക്ഷനെതിരെയും മകന്‍ ജയ്ഷാക്കെതിരെയും രൂക്ഷ വിമര്‍ശമുന്നയിച്ചത്. സൊഹ്റാബുദ്ദീന്‍, തുളസി പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലെ അമിത് ഷായുടെ പങ്കിനെ സൂചിപ്പിച്ചാണ് രാഹുലിന്റെ കടന്നാക്രമണം. ഒപ്പം മകന്‍ ജെയ്ഷാക്കെതിരായ അഴിമതി ആരോപണവും. ജയ്ഷായുടെ പേരിലെ കടലാസ് കമ്പനിയുടെ അവിശ്വസനീയ വളര്‍ച്ചയാണ് രാഹുല്‍ സൂചിപ്പിച്ചത്.

ദേശസുരക്ഷയിലൂന്നിയ ബി.ജെ.പിയുടെ പ്രചാരണങ്ങള്‍ക്ക് മറുപടിയായി അഴിമതി തന്നെ ഉന്നയിക്കലാണ് കോണ്‍ഗ്രസ് തന്ത്രമെന്ന് വ്യക്തമാക്കുകയാണ് രാഹുലിന്റെ വാക്കുകള്‍. രാഹുല്‍ ഇന്ന് മധ്യപ്രദേശിലും രാജസ്ഥാനിലും പ്രചാരണ റാലികളില്‍ പ്രസംഗിക്കും. ജാര്‍ഖണ്ഡിലും പശ്ചിമ ബംഗാളിലുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്നത്തെ പ്രചാരണ പരിപാടികള്‍.

error: Content is protected !!