വിമാനത്താവള റൺവേ 45 ദിവസത്തേക്ക് അടച്ചിടും

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയുടെ ഒരുഭാഗം നാളെ മുതല്‍ 45 ദിവസം അടക്കും. നിരവധി വിമാനങ്ങള്‍ ജബല്‍ അലിയിലെ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം വഴിയാകും സര്‍വീസ് നടത്തുക. ചില വിമാനങ്ങള്‍ ഷാര്‍ജ വിമാനത്താവളം വഴിയും സര്‍വീസ് നടത്തും. യാത്ര പുറപ്പെടും മുമ്പ് വിമാനം ഏത് വിമാനത്താവളത്തില്‍ നിന്നാണെന്ന് യാത്രക്കാര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം.

മെയ് 30 വരെ 45 ദിവസമാണ് ദുബൈ അന്താരാഷ്ട്ര വിമാനത്തിന്റെ തെക്ക് ഭാഗത്തെ റണ്‍വേ പുനര്‍നിര്‍മാണത്തിനായി അടക്കുന്നത്. ഈ ദിവസങ്ങളില്‍ ദുബൈ- കേരള സെക്ടററിലുള്ള വിമാനങ്ങള്‍ ഉള്‍പ്പെടെ പല വിമാനസര്‍വീസുകളും ജബല്‍ അലിയിലെ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം വഴിയാകും പോയ് വരിക. എയര്‍ഇന്ത്യയുടെയും, എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ചില വിമാനങ്ങള്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം വഴിയാക്കും. ഫ്ലൈദുബൈ, സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഗള്‍ഫ് എയര്‍ വിമാനങ്ങള്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറുന്നവയില്‍ ഉള്‍പ്പെടും.

ദിവസം ശരാശരി 142 യാത്രാവിമാനങ്ങള്‍ ദുബൈ വേള്‍ഡ് സെന്‍ട്രല്‍ അഥവാ ഡി.ഡബ്യൂ.സി എന്ന അയാട്ട കോഡില്‍ അറിയപ്പെടുന്ന മക്തൂം വിമാനത്തവളത്തിലേക്ക് മാറും. ഇവിടെ നിന്ന് ഡി.എക്സ്.ബി എയര്‍പോര്‍ട്ടിലേക്കും ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തുന്നുണ്ട്. മക്തൂം വിമാനത്താവളത്തില്‍ നിന്നുള്ള ടാക്സി തുടക്കത്തില്‍ ഈടാക്കുന്ന നിരക്ക് 20 ദിര്‍ഹമിന് പകരം അഞ്ച് ദിര്‍ഹമാക്കി കുറച്ചിട്ടുണ്ട്. യാത്രപുറപ്പെടുന്നവര്‍ വിമാനം ഏത് വിമാനത്താവളത്തില്‍ നിന്നാണെന്ന് എയര്‍ലൈന്‍ അധികൃതരെ വിളിച്ച് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

error: Content is protected !!