ക്രൂര മര്‍ദനത്തിനിരയായി ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് വയസുകാരന്‍ മരിച്ചു; ഒരു മാസത്തിനിടെ സംസ്ഥാനത്തെ രണ്ടാമത്തെ സംഭവം.

കൊച്ചി: എറണാകുളം ഏലൂരില്‍ അമ്മയുടെ ക്രൂര മര്‍ദനത്തിനിരയായി ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് വയസുകാരന്‍ മരിച്ചു. തലച്ചോറിനേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. രക്തം കട്ടപിടിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതാണ് മരണ കാരണം. കുഞ്ഞിന്റെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. വധശ്രമം, ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഒരു മാസത്തിനിടെ വീട്ടില്‍ മര്‍ദനത്തിനിരയായി കുട്ടി മരിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ സംഭവമാണിത്. നേരത്തെ തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ മര്‍ദനത്തിനിരയായി ഏഴുവയസുകാരന്‍ മരിച്ചിരുന്നു.

പരിക്കേറ്റ കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്ന കാര്യം വലിയ വെല്ലുവിളിയാണെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നെത്തിയ മൂന്നംഗ വിദഗ്ധ വൈദ്യ സംഘം കഴിഞ്ഞദിവസം വിലയിരുത്തിയിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്നു വയസുള്ള മകനെ ബുധനാഴ്ച ഉച്ചയ്ക്ക് 1.45 മണിയോടെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളും പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിന്റെ അമ്മയാണ് തടികൊണ്ട് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പിച്ചതെന്ന് കണ്ടെത്തിയത്.

ഏണിപ്പടിയില്‍ നിന്നു വീണു പരിക്കേറ്റുവെന്നാണ് ആശുപത്രിയില്‍ ആദ്യം രക്ഷിതാക്കള്‍ പറഞ്ഞിരുന്നത്. പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍, അനുസരണക്കേടു കാട്ടിയതിനു തല്ലിയെന്ന് പിന്നീട് അമ്മ മാറ്റിപ്പറയുകയായിരുന്നു. ശരീരത്തിന്റെ പല ഭാഗത്തും മര്‍ദനമേറ്റ പാടുകളുണ്ട്. തലയ്ക്കകത്തു രക്തസ്രാവവും ഉണ്ടായി. പിന്‍ഭാഗത്ത് ചട്ടുകമോ മറ്റോ വച്ച് പൊള്ളിച്ചിട്ടുണ്ട്. ഇതോടെ ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരേയും പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. കുട്ടിയും അമ്മയും ജാര്‍ഖണ്ഡില്‍നിന്നു കേരളത്തില്‍ എത്തിയതു രണ്ടാഴ്ച മുന്‍പു മാത്രമാണ്. ഒപ്പം താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി സ്വകാര്യ കമ്പനിയില്‍ ക്രെയിന്‍ ഓപ്പറേറ്ററായി കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെയുണ്ട്.

അതേസമയം കുഞ്ഞിന്റെ അമ്മയെ കോടതി റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ അച്ഛന്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇയാളുടെ പശ്ചാത്തലം പരിശോധിക്കാനായി ഏലൂര്‍ പോലീസ് ബംഗാള്‍ പോലീസിനെ ബന്ധപ്പെട്ടിട്ടുണ്ട്. കുഞ്ഞിന് മര്‍ദനമേറ്റ സമയത്ത് ഉറക്കമായിരുന്നുവെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി.

error: Content is protected !!