തിരുവനന്തപുരത്ത് സൈനികന്‍ ആത്മഹത്യ ചെയ്ത സംഭവം; പ്രതി അമിതാബിനെതിരെ കൂടുതല്‍ പരാതികള്‍

തിരുവനന്തപുരം സ്വദേശിയായ സൈനികന്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതി അമിതാബിനെതിരെ കൂടുതല്‍ പരാതികള്‍. സോഷ്യല്‍ മീഡിയ വഴി പ്രതി സ്ത്രീകളെ വശത്താക്കിയതുമായി ബന്ധപ്പെട്ട പരാതികളാണ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. മുഴുവന്‍ പരാതികളും അന്വേഷിക്കുമെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ഡി അശോകന്‍ അറിയിച്ചു.

തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസില്‍ മിനിസ്ററീരിയല്‍ സ്റ്റാഫായ അമിതാബിന്റെ ഭീഷണിയെത്തുടര്‍ന്നാണ് ഭരതന്നൂര്‍ സ്വദേശിയായ സൈനികന്‍ വിശാഖ് കഴിഞ്ഞ മാസം ഗുജറാത്തില്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. വിശാഖിന്‍റെ ഭാര്യുമായുള്ള ബന്ധത്തിന്‍റെ തെളിവുകള്‍ വാട്സപ്പില്‍ അമിതാബ് അയച്ചു കൊടുത്തിരുന്നു. ഭാര്യ കൂടി ഇക്കാര്യങ്ങള്‍ സമ്മതിച്ചതോടെ ഇതില്‍ മനംനൊന്ത് വിശാഖ് ആത്മഹത്യ ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അമിതാബിനെതിരെ ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ഭര്‍ത്താക്കന്‍മാര്‍ നാട്ടിലില്ലാത്ത സ്ത്രീകളെയും കോളേജ് വിദ്യാര്‍ത്ഥികളെയും ആണ് ഇയാള്‍ വലയിലാക്കിയിരുന്നത്. പുതിയ പരാതികളും ഇയാള്‍ക്കെതിരെ ഉയര്‍ന്നു വരുന്നുണ്ട്.

സൈനികന്‍റെ ആത്മഹത്യയില്‍ റിമാന്‍റിലാണ് അമിതാബ്. നേരത്തെ ആര്യനാട് സ്വദേശിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസില്‍ നിന്ന് ഇയാളെ സസ്പെന്‍റ് ചെയ്തിരുന്നു. സസ്പെന്‍ഷനില്‍ കഴിയവെയാണ് വിശാഖിനെ ഇയാള്‍ ഭീഷണിപ്പെടുത്തിയത്.

error: Content is protected !!