വയനാട്ടിൽ തരംഗം സൃഷ്ടിച്ച് കർഷക പ്രേശ്നങ്ങൾ

വയനാട്ടിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ കര്‍ഷക പ്രശ്നങ്ങള്‍ സജീവമാകുന്നു. കോണ്‍ഗ്രസിന്റെ കാര്‍ഷിക നയങ്ങളെ ചോദ്യം ചെയ്ത്, ഇടത് കര്‍ഷക സംഘടനകള്‍ സംഘടിപ്പിക്കുന്ന കര്‍ഷക പാര്‍ലമെന്റ് ഇന്ന് പുല്‍പ്പള്ളിയില്‍ നടക്കും. 5000 ത്തിലധികം കര്‍ഷകരെ പങ്കെടുപ്പിക്കാനാണ് എല്‍.ഡി.എഫ് തീരുമാനം.

വയനാട്ടിലെ കാര്‍ഷിക മേഖലയായ പുല്‍പ്പള്ളിയിലെ വിജയ ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ ഉച്ചക്ക് 2 മുതല്‍ 4 വരെയാണ് ഇടത് കര്‍ഷക സംഘടനകളുടെ കര്‍ഷക പാര്‍ലമെന്‍റ് നടക്കുക. വൈകിട്ട് 5 ന് പുല്‍പ്പള്ളി ടൌണില്‍ കര്‍ഷക റാലിയും നടക്കും. ആൾ ഇന്ത്യ കിസാൻസഭ പ്രസിഡന്റ‌് അശോക് ധാവളെ, മാധ്യമ പ്രവർത്തകൻ പി സായിനാഥ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എം.പി വീരേന്ദ്രകുമാർ , എം.വി ഗോവിന്ദൻ, അഖിലേന്ത്യ കിസാൻ സഭ ജോയിന്റ‌് സെക്രട്ടറി വിജു കൃഷ്ണൻ, ട്രഷറർ പി.കൃഷ്ണപ്രസാദ്, ആദിവാസി ഗോത്ര മഹാസഭാ നേതാവ‌് സി.കെ ജാനു തുടങ്ങിയവർ പങ്കെടുക്കും.

നാളെ നിലമ്പൂരിലും എല്‍.ഡി.എഫ് കര്‍ഷക പാര്‍ലിമെന്‍റ് സംഘടിപ്പിക്കുന്നുണ്ട്. ഈ മാസം 14 ന് കര്‍ഷകരുടെ പ്രശ്നങ്ങളുന്നയിച്ച് ഒരു ലക്ഷം പേരെ മണ്ഡത്തില്‍ പ്രചാരണത്തിനിറക്കാനും ഇടത് മുന്നണി തീരുമാനിച്ചിട്ടുണ്ട്. ഇതിന് മറുപടിയായി 16 ന് കര്‍ഷക റാലി സംഘടിപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം. എന്നാല്‍ ഇപ്പോഴും കര്‍ഷകരുടെ പ്രശ്നങ്ങളല്ല വയനാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ മുൻഗണന വിഷയമെന്ന് വയനാട് കര്‍ഷക കൂട്ടായ്മ ആരോപിക്കുന്നു.

error: Content is protected !!