വയനാട്ടിൽ വാച്ചർമാരെ ആക്രമിച്ച കടുവയെ പിടികൂടി

വയനാട് ചീയമ്പത്ത് വനംവകുപ്പ് വാച്ചർമാരെ അക്രമിച്ച കടുവയെ വനം വകുപ്പ് പിടികൂടി. ആനപ്പന്തിയിൽ സ്ഥാപിച്ച കൂട്ടിൽ ആണ് കടുവ വീണത്. കഴിഞ്ഞ ദിവസമണ് അഞ്ച് വനംവകുപ്പ് വാച്ചര്‍മാരെ കടുവ ആക്രമിച്ചത്. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.

കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കടുവാ ശല്യം പരിഹരിച്ച് ജനങ്ങളുടെ സുരക്ഷ‌ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ചീയമ്പം വലിയ കുരിശിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. ആനപ്പന്തിയിലെ വനത്തോട് ചേർന്ന ഭാഗത്ത് വെച്ചാണ് വനം വകുപ്പ് വാച്ചർമാരെ കടുവ ആക്രമിച്ചത് . പരിക്കേറ്റ ഇരുളം സ്വദേശി ഷാജൻറെ നില ഗുരുതരമാണ്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 15 ദിവസത്തോളമായി കടുവാപ്പേടിയിൽ കഴിയുകയായിരുന്ന ചീയമ്പം ആനപ്പന്തി പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി.

രണ്ടാഴ്ചക്കിടെ 6 വളർത്തു പന്നികളെയും ഒരു പശുവിനെയും കടുവ കൊന്നിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം വനം വകുപ്പ് സ്ഥാപിച്ച കൂടിനടുത്ത് വച്ചാണ് വാച്ചർമാരെ കടുവ ആക്രമിച്ചത് . കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ടു ബത്തേരി പുൽപ്പള്ളി പാത നാട്ടുകാർ ഒരു മണിക്കൂറോളം ഉപരോധിച്ചു . ചീയമ്പം 73 വലിയകുരിശിൽ ആദിവാസി കുടുംബങ്ങളടക്കം നൂറു കണക്കിന് പേരാണ് പ്രതിഷേധവുമായെത്തിയത് . വനം വകുപ്പ് ഉദ്യോഗസ്ഥരും ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്‌ണനും സ്ഥലത്തെത്തി നടത്തിയ ചർച്ചക്കൊടുവിൽ ഒരു കൂടു കൂടി സ്ഥാപിക്കുമെന്നും മയക്കുവെടി വെച്ചു പിടികൂടുമെന്നും വനം വകുപ്പ് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്‌. വളർത്തുമൃഗങ്ങൾ നഷ്ടമായവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്നും വനം വകുപ്പ് ഉറപ്പ് നൽകി.

error: Content is protected !!