വയനാട്ടിലേക്ക് ഉണ്ടോ ? ; മറുപടി ഇല്ലാതെ രാഹുൽ

വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തീരുമാനമായില്ല. പ്രഖ്യാപനം വൈകുന്നതിൽ ആശങ്കയറിയിച്ച് കേരള നേതാക്കൾ. പ്രഖ്യാപനം നീളുന്നത് പ്രചാരണത്തെ പ്രതികൂലമായി ബാധിക്കുമെന്നും മുന്നണിക്ക് ദോഷമാണെന്നും നേതാക്കൾ സോണിയയെയും രാഹുലിനെയും അറിയിച്ചു. കൃത്യമായ തീരുമാനം അറിയിക്കാൻ രാഹുൽ ഗാന്ധി തയ്യാറായില്ല.

ഒരാഴ്ചയായി തുടരുന്ന അനിശ്ചിതാവസ്ഥക്ക് വിരാമം ഇടുമെന്ന് കരുതിയ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിലും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മറുപടിയുണ്ടായില്ല. ബിഹാർ, ഉത്തർപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ മാത്രം ചർച്ച ഒതുങ്ങി. കേരളത്തിൽ നിന്നടക്കം എത്തിയ നേതാക്കളെ നിരാശപ്പെടുത്തുന്നതായിരുന്നു രാഹുലിനെ നീക്കം. തുടർന്നാണ് വയനാട് വടകര മണ്ഡലങ്ങളിലെ പ്രഖ്യാപനം വൈകുന്നതിലെ ആശങ്ക കേരള നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചത്.

പ്രചരണത്തെയും മുന്നണിയേയും ഇത് ബാധിക്കുന്നു. പ്രവർത്തകർ നിരാശരായതിനാൽ രാഹുലിന്റെ സ്ഥാനാർഥിത്വം അനിവാര്യമാണ് എന്നാണ് അറിയിച്ചത്. എന്നിട്ടും രാഹുൽ പ്രതികരിച്ചില്ല . രാഹുലിന്റെ വയനാട് സ്ഥാനാർത്ഥിത്വ സാധ്യത മങ്ങുമ്പോഴും നിലപാട് അറിയിക്കാത്തതാണ് നേതാക്കളെ കുഴക്കുന്നത് . യു.പി.എ ഘടകകക്ഷി നേതാക്കളായ ശരദ് പവാർ, ശരദ് യാദവ് തുടങ്ങിയവർ ഇടത് പക്ഷത്തിന് എതിരെ രാഹുൽ വയനാട് മത്സരിക്കരുതെന്ന ആവശ്യം ഉന്നയിച്ചിരുന്നു. കർണ്ണാടകയിൽ നിന്നും മുഖ്യശത്രുവായ ബി.ജെ.പിക്ക് എതിരെ മത്സരിക്കണമെന്നാണ് ഘടകകക്ഷികളുടെ നിർദ്ദേശം.

error: Content is protected !!