വെസ്റ്റ് നൈൽ രോഗം ; സർക്കാർ കനത്ത ജാഗ്രതയിൽ

വെസ്റ്റ് നൈല്‍ ബാധിച്ച് മലപ്പുറം സ്വദേശിയായ ആറു വയസുകാരന്‍ മരിച്ചതിനെ തുടര്‍ന്ന് രോഗം പടരാതിരിക്കാനുള്ള അതീവ ജാഗ്രതയാണ് ആരോഗ്യ വകുപ്പ്. വെസ്റ്റ് നൈല്‍ വൈറസ് ഇല്ലെന്ന് ഉറപ്പു വരുത്താന്‍ മലപ്പുറത്ത് പ്രത്യേക വിദഗ്ധ സംഘത്തെ നിയോഗിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. നിലവില്‍ ആരും തന്നെ സമാന രോഗ ലക്ഷണങ്ങളുമായി ആശുപത്രികളിലെത്തിയിട്ടില്ല. എങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ഒരുപോലെ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഴ് ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന പനി, പരസ്പര ബന്ധമില്ലാതെയുള്ള പെരുമാറ്റം, കഠിനമായ തലവേദന,ഓക്കാനം , ഛര്‍ദി എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ അത്തരക്കാരെ കര്‍ശനമായി നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കയക്കാനും നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

പക്ഷികളുടേയും കൊതുകുകളുടേയും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ച് പരിസരത്ത് വെസ്റ്റ് നൈല്‍ വൈറസില്ലെന്ന് ഉറപ്പു വരുത്തും. കൂടാതെ പകര്‍ച്ചവ്യാധികള്‍ തടയാനായി പ്രത്യേക സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. കൂടാതെ ജപ്പാന്‍ ജ്വരം തടയാനുള്ള വാക്‌സിന്‍ മലപ്പുറത്തും കോഴിക്കോട്ടും ലഭ്യമാക്കാനും തീരുമാനിച്ചു. രോഗം പരത്തുന്ന കൊതുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനും സംഘത്തിന് നിര്‍ദ്ദേശം നല്‍കി. പ്രത്യേക സാഹചര്യത്തില്‍ മലപ്പുറത്തും കോഴിക്കോടും വാക്‌സിന്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പക്ഷെ ഡല്‍ഹിയിലെ ജെ.ഇ. ഡിവിഷന്റെ അനുമതിയോടെ മാത്രമേ ഇത് നല്‍കാനാകൂ. അതിനാല്‍ അവരുടെ അനുമതി നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

error: Content is protected !!