ഇനിമുതൽ സ്ഥിരമായി ഹെലികോപ്റ്റർ വാടകയ്ക്ക്

സംസ്ഥാനം സ്ഥിരമായി ഹെലികോപ്ടര്‍ വാടയ്ക്ക് എടുക്കാന്‍ ഒരുങ്ങുന്നു. നാളെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് യോഗം ചേരും. ഡി.ജി.പിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് യോഗം.

മാവോയിസ്റ്റ് വേട്ട, പ്രകൃതി ക്ഷോഭം എന്നിവ നേരിടാന്‍ സംസ്ഥാനത്തിന് സ്വന്തമായി ഹെലികോപ്ടര്‍ വേണമെന്നാണ് ഡി.ജി.പി നേരത്തെ നല്‍കിയ ശിപാര്‍ശ. എന്നാല്‍ ഇത് വന്‍ചിലവ് വരും എന്നതിനാല്‍ ശിപാര്‍ശ പരിഗണിക്കപ്പെട്ടിരുന്നില്ല. മാത്രമല്ല ഇത്തരത്തിലുള്ള ശിപാര്‍ശ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തള്ളിക്കളഞ്ഞതുമാണ്. എന്നാല്‍ പ്രളയം വന്നതോടെ വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നു. ഈ സാഹചര്യത്തിലാണ് സ്ഥിരമായി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.

നാളെ തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊതുഭരണ സെക്രട്ടറി, ഡി.ജി.പി എന്നിവര്‍ പങ്കെടുക്കും. നിലവില്‍ പവന്‍ഹാന്‍സ്, ചിപ്‌സണ്‍ എന്നീ രണ്ട് കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കരാറും സാമ്പത്തിക കാര്യങ്ങളും നാളെ നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയാവും.

സര്‍ക്കാര്‍ ആവശ്യപ്പെടുന്ന പ്രകാരം ഏതു സമയത്തും ഹെലികോപ്ടര്‍ പറത്താന്‍ തയ്യാറാകണമെന്നതാണ് സര്‍ക്കാരിന്റെ പ്രധാന ഉപാധി. പൊലീസ് ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും ഹെലികോപ്ടര്‍ ഉപയോഗിക്കും. നേരത്തെ ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് മുഖ്യമന്ത്രി ഹെലികോപ്ടര്‍ യാത്ര നടത്തിയത് വിവാദമായിരുന്നു.

error: Content is protected !!