തൃണമൂൽ കോൺഗ്രസിൽ ഇനി കോൺഗ്രസ് ഇല്ല
കോണ്‍ഗ്രസിനെ വെട്ടിമാറ്റി മമത ബാനർജിയും തൃണമൂൽ കോണ്‍ഗ്രസും. പാർട്ടിയുടെ ലോഗോയിൽ പേരിനൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് ഉപേക്ഷിക്കാനാണ് തൃണമൂലിന്റെ തീരുമാനം. കോണ്‍ഗ്രസുമായി കൂട്ടുവെട്ടി 21 വർഷത്തിനുശേഷമാണ് പാർട്ടിയുടെ നടപടി.
പരിഷ്കരിച്ച പുതിയ ലോഗോ തൃണമൂൽ തയാറാക്കിക്കഴിഞ്ഞു. നീല പശ്ചാത്തലത്തിൽ പച്ചനിറത്തിൽ തൃണമൂൽ എന്നു മാത്രമാണ് ഇതിൽ കുറിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ഇത് പുറത്തുവിടുമെന്നാണു റിപ്പോർട്ട്. പാർട്ടി ബാനറിലും പോസ്റ്ററുകളിലും ഇനി ഈ ലോഗോയാവും ഉപയോഗിക്കുക. എന്നിരുന്നാലും തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന പേരിൽ മാറ്റം വരുത്തില്ലെന്നു ഒതു മുതിർന്ന പാർട്ടി നേതാവ് പ്രതികരിച്ചു.
മമതയുടെ അനന്തരവൻ അഭിഷേക് ബാനർജി, രാജ്യസഭാ എംപി ഡെറിക് ഒബ്രിയാൻ എന്നിവർ ട്വിറ്റർ, ഫേസ്ബുക്ക് പേജുകളിൽ പുതിയ ലോഗോ ഉപയോഗിച്ചു തുടങ്ങി. 1998-ലാണ് മമത ബാനർജി കോണ്‍ഗ്രസുമായി കൂട്ടുവെട്ടി തൃണമൂൽ കോണ്‍ഗ്രസ് രൂപീകരിക്കുന്നത്.