തിരഞ്ഞെടുപ്പ് ; ആകെ മൊത്തം ഹരിത മയം

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതപെരുമാറ്റച്ചട്ടം നടപ്പിലാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ശുചിത്വ മിഷന്‍. ജില്ലാ ഭരണകൂടം, ഹരിതകേരളം മിഷന്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍, പരിസ്ഥിതി മന്ത്രാലയം എന്നിവരുടെ നിര്‍ദേശങ്ങളുടെയും കേരളാ ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് ഹരിതപെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണം ഉള്‍പ്പെടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പ്രകൃതി സൗഹൃദ വസ്തുക്കള്‍ (മണ്ണില്‍ ലയിച്ചു ചേരുന്നവ)  ഉപയോഗിച്ച് നടത്തണം. പ്ലാസ്റ്റിക്, പി വി സി, ഫ്‌ളക്‌സ്, ഡിസ്പോസബിള്‍ വസ്തുക്കള്‍ എന്നിവയ്ക്ക് നിരോധനമുണ്ട്.  തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മാലിന്യമുക്തമായി ഹരിത നിയമാവലി പാലിച്ച് നടപ്പിലാക്കുന്നതിന് ജില്ല, നിയോജകമണ്ഡലം, തദ്ദേശ സ്വയം ഭരണ സ്ഥാപന തലങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഫെസിലിറ്റേഷന്‍ യൂണിറ്റുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

പ്രചരണത്തിന് ഫ്ളക്സ്, പ്ലാസ്റ്റിക് തുടങ്ങി പ്രകൃതിക്ക് ദോഷകരമാവുന്നവ ഒഴിവാക്കി പൂര്‍ണ്ണമായും മണ്ണില്‍ ലയിച്ചുചേരുന്ന കോട്ടണ്‍, തുണി, ചണം തുടങ്ങിയവ ഉപയോഗിക്കണം. ഓഫീസ് അലങ്കാരങ്ങള്‍ക്കും, കൊടിതോരണങ്ങള്‍ക്കും ഇത് ബാധകമാണ്. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന തൊപ്പി, തിരിച്ചറിയല്‍കാര്‍ഡ് തുടങ്ങിയവ  പ്രകൃതി സൗഹൃദ വസ്തുക്കള്‍കൊണ്ട് നിര്‍മ്മിച്ചവയാണെന്ന് ഉറപ്പാക്കണം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിശീലന കേന്ദ്രങ്ങള്‍, വോട്ടിംഗ് മെഷീന്‍ വിതരണ- സ്വീകരണ കേന്ദ്രങ്ങള്‍, പോളിംഗ് ബൂത്തുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നെയിം ബോര്‍ഡുകള്‍, സൂചനാ  ബോര്‍ഡുകള്‍, പാക്കിംഗ് മെറ്റീരിയല്‍ എന്നിവ പൂര്‍ണ്ണമായും പ്രകൃതിക്ക് ഇണങ്ങുന്നവ (തുണി, ഓല, വാഴയില, പാള) മാത്രമേ ഉപയോഗിക്കാവൂ.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ കേന്ദ്രങ്ങളിലും വിവിധ പ്രചാരണ യോഗങ്ങളിലും റാലികളിലും സമ്മേളനങ്ങളിലും കുടിവെള്ള, ഭക്ഷണ വിതരണത്തിന് ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കി സ്റ്റീല്‍ ഗ്ലാസ്, സ്റ്റീല്‍ പ്ലേറ്റ് എന്നിവ ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാമിനേറ്റ് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്ക് പകരം കട്ടിയുള്ള കടലാസില്‍ വിവരം രേഖപ്പെടുത്തി മൊട്ടുസൂചികൊണ്ട് പിന്‍ചെയ്ത് ഉപയോഗിക്കുന്ന രീതിയില്‍ നല്‍കേണ്ടതാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും മാലിന്യം തരംതിരിച്ച്  കൈകാര്യം ചെയ്യുതിനുള്ള സൗകര്യം ഒരുക്കണം തെരഞ്ഞെടുപ്പ് മെറ്റീരിയലുകള്‍ തുണി സഞ്ചികളില്‍ വിതരണം ചെയ്യേണ്ടതണെന്നും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

error: Content is protected !!