മോദിക്കെതിരെ മത്സരിക്കാൻ 111 കർഷകർ ; മത്സരിക്കരുതെന്ന അപേക്ഷയുമായി ബിജെപി നേതാക്കൾ

വരാണസിയില്‍ നിന്നും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്‍നാട്ടില്‍ നിന്നുള്ള 111 കര്‍ഷകര്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ അനുനയ നീക്കങ്ങള്‍ ശക്തമാക്കി ബി.ജെ.പി നേതാക്കള്‍. മോദിക്കെതിരെ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്നും കര്‍ഷകരുടെ ആവശ്യങ്ങള്‍ കൂടി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താമെന്നുമാണ് മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ അനുനയത്തിന്റെ ഭാഗമായി വാഗ്ദാനം ചെയ്തിരിക്കുന്നത്.

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ അടക്കമുള്ള നേതാക്കളാണ് തങ്ങളെ സമീപിച്ചതെന്ന് കര്‍ഷക നേതാവ് പി അയ്യാക്കണ്ണ് പറഞ്ഞു. എന്നാല്‍ തങ്ങളുടെ തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ലെന്നും നൂറു കണക്കിന് അഖോരികളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും അയ്യാക്കണ്ണ് വ്യക്തമാക്കി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷിക വിളകള്‍ക്ക് ന്യായവില, കര്‍ഷകര്‍ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ ബി.ജെ.പി നേതൃത്വം അംഗീകരിച്ചാല്‍ തീരുമാനം പുനപരിശോധിക്കാമെന്ന് അയ്യാക്കണ്ണ് അറിയിച്ചിട്ടുണ്ട്.

ഞങ്ങള്‍ മോദിക്കോ ബി.ജെ.പിക്കോ എതിരല്ല. അധികാരത്തിലെത്തും മുമ്പ് ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാമെന്ന് മോദിജി ഉറപ്പ് നല്‍കിയിരുന്നു. ഇപ്പോഴും മോദിയാണ് പ്രധാനമന്ത്രി, ബി.ജെ.പിയാണ് ഭരണകക്ഷി. പക്ഷെ, ഇതുവരെ ഞങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മോദിക്കായിട്ടില്ല. ഈ സ്ഥാനാര്‍ഥിത്വം അതിനെതിരെയുള്ള സമരമാണ്. അയ്യാക്കണ്ണ് പറയുന്നു. 2018 നവംബറില്‍ രണ്ട് തലയോട്ടികളുമായി കിസാന്‍ റാലിയില്‍ പങ്കെടുക്കാനായി അയ്യാക്കണ്ണിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെത്തിയിരുന്നു. ആ തലയോട്ടികള്‍ കടം കാരണം ആത്മഹത്യ ചെയ്ത തങ്ങളുടെ സഹ കര്‍ഷകരുടെയാണെന്ന് ഇവര്‍ പറയുകയുണ്ടായത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു.

error: Content is protected !!