ബ്രഹ്മപുരം പ്ലാന്റിൽ നിന്നുള്ള പുകശല്യം: നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്നും പുകശല്യം രൂക്ഷമായതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. അർദ്ധരാത്രിയിൽ തൃപ്പൂണ്ണിത്തറ ഇരുമ്പനം റോഡ് പ്രദേശവാസികൾ ഉപരോധിച്ചു.

മാലിന്യ പ്ലാന്റിന് തീപിടിച്ചത് മൂലമുണ്ടായ രൂക്ഷമായ പുക പ്രദേശവാസികളെ ആകെ ബുദ്ധിമുട്ടിലാക്കിയിരുന്നു. രാത്രി വൈകിയും പുക രൂക്ഷമായതോടെ ആളുകൾക്ക് വീടിനുള്ളിൽ കിടന്ന് ഉറങ്ങാൻ പറ്റാത്ത അവസ്ഥയിലായി. ഇതിനെ തുടർന്നാണ് ഇരുമ്പനം സ്വദേശികൾ കൂട്ടത്തോടെ അർദ്ധരാത്രിയിൽ തന്നെ സമരവുമായി എത്തിയത്. സത്രീകളും കൊച്ചു കുട്ടികളുമായെത്തിയ സമരക്കാർ  മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.

റോഡ് ഗതാഗതം തടസപ്പെട്ടതോടെ കണയന്നൂർ തഹസിൽദാർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. കളക്ടർ നേരിട്ടെത്തി പ്രശ്ന പരിഹാരത്തിന് നേതൃത്വം നൽകുമെന്നും ഉറപ്പ് നൽകി. തുടർന്ന് വെളുപ്പിനെ മൂന്ന് മണിയോടെ ഉപരോധം അവസാനിപ്പിച്ച് വാഹനങ്ങൾ കടത്തിവിട്ടു. എന്നാൽ  ഉപരോധം അവസാനിപ്പിച്ചെങ്കിലും പ്രശ്നം പൂർണമായും പരിഹരിക്കുന്നത് വരെ സമര രംഗത്ത് തുടരുമെന്നും സമരക്കാർ പറഞ്ഞു.

error: Content is protected !!