സർക്കാരിന്റെ ആയിരം ദിനങ്ങൾ ; ആഘോഷപരിപാടികൾ ഇന്നുമുതൽ …

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ആയിരം ദിനം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും.

വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ബീച്ചില്‍ വൈകിട്ട് അഞ്ച് മണിക്ക് സംസ്ഥാനതല ഉദ്ഘാടനവും സേഫ് കേരള പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ , കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. രാത്രി ഏഴുമുതൽ പ്രശസ്ത ഗായകൻ ഹരിഹരൻ നയിക്കുന്ന ‘ഗസൽ സന്ധ്യ’യും അരങ്ങേറും. എല്ലാ ജില്ലകളിലും ആഘോഷപരിപാടികള്‍ നടക്കും. പരിപാടികളുടെ സംസ്ഥാനതല സമാപനം 27ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

എന്നാല്‍ സര്‍ക്കാരിന്റെ ആയിരം ദിനാഘോഷപരിപാടികളില്‍ നിന്നും യു.ഡി എഫ് ജനപ്രതിനിധികള്‍ പൂര്‍ണ്ണമായും വിട്ടു നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന – ജില്ലാ തല ആഘോഷ പരിപാടികളില്‍ നിന്നാണ് യു.ഡി.എഫ് ജനപ്രതിനിധികള്‍ വിട്ടു നില്‍ക്കുന്നത്. അതേ സമയം നിയോജകമണ്ഡലങ്ങളിലെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട പരിപാടികളില്‍ ജനപ്രതിനിധികള്‍ക്ക് പങ്കെടുക്കാം. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ 9 കോടി രൂപ ചെലവഴിച്ച് വലിയ ആഘോഷ പരിപാടികള്‍ നടത്തുന്നത് വലിയ ധൂര്‍ത്തും ദുര്‍ച്ചെലവുമാണ്.

ഒന്നും ചെയ്യാതെ പാഴായി പോയ ആയിരം ദിനങ്ങളുടെ പേരില്‍ വലിയ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത് ജനങ്ങളോടുള്ള തുറന്ന വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം കേരളത്തിന്റെ സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്ന് തരിപ്പണമായിരിക്കുമ്പോള്‍ ഇത്തരം ധൂര്‍ത്തുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് അപഹാസ്യമാണെന്നും ചെന്നിത്തല പറഞ്ഞു.

error: Content is protected !!