വീണ്ടും കർഷകരുടെ ലോങ്ങ് മാർച്ച് …

മഹാരാഷ്ട്ര സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും വാഗ്ദാന ലംഘനത്തിനെതിരായ കര്‍ഷകരുടെ ലോങ്മാര്‍ച്ച് ഇന്ന് ആരംഭിക്കും. പങ്കെടുക്കാനെത്തിയ കര്‍ഷകരെ മഹാരാഷ്ട്ര പൊലീസ് വിവിധയിടങ്ങളില്‍ തടഞ്ഞതിനെ തുടര്‍ന്നാണ് മാര്‍ച്ച് ഇന്നത്തേക്ക് മാറ്റിയത്. എന്നാല്‍ മാര്‍ച്ചിന് അനുമതിയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടുന്ന കര്‍ഷകറാലിയില്‍ പങ്കെടുക്കാനെത്തിയ നിരവധി കര്‍ഷകരെയാണ് മഹാരാഷ്ട്ര പൊലീസ് തടഞ്ഞത്. കര്‍ഷകരോഷം ഉയരുന്നതിന്റെ ഭയമാണ് സര്‍ക്കാരിനെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ കുറ്റപ്പെടുത്തുന്നു. പല കര്‍ഷകസംഘങ്ങളെയും തടഞ്ഞതിനാല്‍ ഇന്നലെ വൈകിട്ട് നാല് മണിക്ക് തുടങ്ങാനിരുന്ന യാത്ര മാറ്റി വയ്ക്കുകയായിരുന്നു. കര്‍ഷകര്‍ എത്തിച്ചേര്‍ന്ന ശേഷം രാവിലെയോടു കൂടി മാര്‍ച്ച് ആരംഭിക്കും. മാര്‍ച്ചിന് അനുമതിയില്ലെന്ന് പൊലീസ് കര്‍ഷകസംഘടനാ നേതാക്കളെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ അനുമതിയില്ലെങ്കിലും മാര്‍ച്ച് നടത്തുമെന്ന ഉറച്ച തീരുമാനത്തിലാണ് ഓള്‍ ഇന്ത്യ കിസാന്‍സഭ. കഴിഞ്ഞ വര്‍ഷം നടത്തിയ ലോങ് മാര്‍ച്ചിനെ തുടര്‍ന്ന് കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല. ഇതിനെ തുടര്‍ന്നാണ് രണ്ടാം ലോങ് മാര്‍ച്ച് ഓള്‍ ഇന്ത്യ കിസാന്‍ സഭ പ്രഖ്യാപിച്ചത്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, താങ്ങുവില ഉറപ്പാക്കുക, കാര്‍ഷിക കടം എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകരുടെ സമരം. ഇതിനിടെ കര്‍ഷക സമരം പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കായി മന്ത്രിയായ ഗിരീഷ് മഹാജനെ മഹാരാഷ്ട്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

error: Content is protected !!