ശബരിമല വിഷയം : ‘സർക്കാരിന് മാന്യത ഇല്ല’ – ടി.പി സെൻകുമാർ…

ശബരിമല യുവതീപ്രവേശനവിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍പൊലീസ് മേധാവി ടിപി സെന്‍കുമാര്‍. മാന്യതയുള്ള സര്‍ക്കാരായിരുന്നുവെങ്കില്‍ ജനുവരി 22 വരെ ശബരിമലയില്‍ തല്‍സ്ഥിതി തുടരാന്‍ അനുവദിച്ചേനെയെന്ന് സെന്‍കുമാര്‍ കുറ്റപ്പെടുത്തി.

പന്തളത്ത് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആണ് സെന്‍കുമാര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പല താൽപര്യങ്ങളും കാണും, അവരൊക്കെ അത് പ്രസംഗിക്കുകയും ചെയ്യും. പക്ഷേ പൊലീസ് പ്രവർത്തിക്കേണ്ടത് നിയമപ്രകാരം മാത്രമാണെന്ന് സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി.

രഹ്ന ഫാത്തിമയടക്കമുള്ള യുവതികളെ സന്നിധാനത്തേക്ക് കൊണ്ടുപോയതിന് പിന്നില്‍ എന്തെങ്കിലും ഉത്തരവുണ്ടായിരുന്നോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലായിരുന്നു പ്രായശ്ചിത്ത ചടങ്ങുകള്‍. ശബരിമലയിലെ പൊലീസ് നടപടികള്‍ക്ക് പ്രായശ്ചിത്തം എന്ന നിലയിലാണ് പരിപാടി സംഘടിപ്പിച്ചത്. പന്തളം രാജകുടുംബാംഗം ശശികുമാർ വർമ്മ, ആർ. ചന്ദ്രശേഖരൻ തുടങ്ങിയവർ. പരിപാടിയില്‍ പങ്കെടുത്തു.

error: Content is protected !!