കണ്ണന്‍ ദേവന്‍ കമ്പനി എസ്റ്റേറ്റില്‍ തീപിടുത്തം; വീട്ടമ്മ വെന്തുമരിച്ചു.

ഇടുക്കി: കണ്ണന്‍ ദേവന്‍ കമ്പനിയുടെ എസ്റ്റേറ്റ് വീട്ടില്‍ തീപിടുത്തം. അപകടത്തില്‍ വീട്ടമ്മ വെന്തുമരിച്ചു. ചൊക്കനാട് എസ്റ്റേറ്റില്‍ സൗത്ത് ഡിവിഷനില്‍ ഗണേഷന്റെ ഭാര്യ ഷണ്‍മുഖവള്ളി (58) യാണ് ഉറക്കത്തില്‍ വെന്തുമരിച്ചത്. രാവിലെ 8 മണിയോടെ ഗണേഷന്‍ കമ്പനിയില്‍ ജോലിക്കായി പോയിരുന്നു.

8.30തോടെ വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട കമ്പനിയിലെ തൊഴിലാളികള്‍ അവിടുത്തെ വാച്ചര്‍ ചെല്ലയെ വീട്ടിലേക്ക് അയച്ചതോടെയാണ് സംഭവം അറിഞ്ഞത്.വീട്ടിലെ ഷണ്‍മുഖവള്ളിയുടെ കിടപ്പുമുറി മുഴുവന്‍ തീപടര്‍ന്ന് പുക നിറഞ്ഞിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ പുക അണക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് അഗ്‌നിശമന സേന എത്തിയാണ് തീയണച്ചത്.

ഉറങ്ങിക്കിടന്ന രീതിയിലായിരുന്നു ഷണ്‍മുഖവള്ളിയെ കണ്ടെത്തിയത്. മൂന്നാര്‍ ദേവികുളം പൊലീസ് സ്ഥലത്തെത്തി. ഷോട്ട് സര്‍ക്യൂട്ടാണ് മരണകാരണമെന്നാണ് സൂചന. പൊലീസിന്റെ വിദഗ്ധ സംഘം മൂന്നാറിലേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. രണ്ടു പേരും തമിഴ്‌നാട്ടിലാണ്.

error: Content is protected !!