ഷോണ്‍ ജോര്‍ജ് എന്‍ഡിഎ സ്ഥാനാര്‍ഥി? അഭ്യൂഹം തള്ളാതെ പിസിയുടെ മകന്‍

ബിജെപിയുമായുള്ള സഹകരണം പ്രഖ്യാപിച്ചതോടെ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ പി സി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ് എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 19,966 വോട്ടുകളാണ് എന്‍ഡിഎയ്ക്കൊപ്പം നിന്ന ബിഡിജെഎസ് സ്ഥാനാർഥി പൂഞ്ഞാറിൽ നേടിയത്.

എൻഡിഎയുടെ ഭാഗമാകുന്നതോടെ ലോക്സഭ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ ഉൾപ്പെടുന്ന പത്തനംതിട്ടയിലും കോട്ടയത്തും ജനപക്ഷത്തിന് സീറ്റുകൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഈ സീറ്റുകളിലൊന്നിൽ പി സി ജോ‍ർജിന്‍റെ മകൻ ഷോൺ ജോർജ് സ്ഥാനാർഥിയായേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.

ഇത് സംബന്ധിച്ച പ്രതികരണത്തിന് വിസമ്മതിച്ചെങ്കിലും സ്ഥാനാർത്ഥി സാധ്യത തള്ളാൻ ഷോൺ ജോർജ് തയ്യാറായില്ല. എന്നാല്‍, ബിജെപിയുമായി സഹകരണം പ്രഖ്യാപിച്ചതോടെ പി സി ജോര്‍ജിന് സ്വന്തം തട്ടകമായ പൂഞ്ഞാറിലും തിരിച്ചടികള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി സി ജോര്‍ജിന്‍റെ പാര്‍ട്ടിയായ ജനപക്ഷത്തോട് സഹകരിച്ച പല വിഭാഗങ്ങളും ആ ബന്ധം തുടരില്ലെന്നാണ് വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പിൽ പിന്തുണ നൽകിയ എസ്ഡിപിഐ, ജനപക്ഷവുമായി ഇനി സഹകരിക്കില്ലെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്.

2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളെയും ഞെട്ടിച്ചായിരുന്നു സ്വതന്ത്രനായി മത്സരിച്ച പിസി ജോർ‍ജിന്‍റെ വിജയം. യുഡിഎഫിനെ രണ്ടാമതും എൽഡിഎഫിനെ മൂന്നാമതും എൻഡിഎയെ നാലാമതുമാക്കി പിസി ജോ‍ർജ് പൂഞ്ഞാറിൽ നേടിയത് 27,821 വോട്ടിന്‍റെ ഭൂരിപക്ഷമാണ്.

മേഖലയിലെ അമ്പതിനായിരത്തോളം വരുന്ന മുസ്ലീം വോട്ടുകളിൽ വലിയൊരു പങ്ക് നേടാനായതാണ് വിജയത്തിൽ നി‍ർണായകമായത്. പി സി ജോർ‍ജ് മുന്നണി ബന്ധം ഉപക്ഷിച്ചപ്പോൾ പിന്തുണ നൽകാൻ എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും തയ്യാറായി. എന്നാൽ, ബിജെപിയുമായുള്ള സഹകരണം മാറി ചിന്തിപ്പിക്കാൻ ഇവരെ പ്രേരിപ്പിക്കുകയാണ്.

error: Content is protected !!