കെടി ജലീലിനെതിരായ ആരോപണം: യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം

ബന്ധുനിയമന വിവാദത്തില്‍പ്പെട്ട മന്ത്രി കെ.ടി ജലീല്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുള്ള യൂത്ത് ലീഗിന്‍റെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. കോഴിക്കോട് കേരള സ്റ്റേറ്റ് മൈനോറിറ്റി ഡെവലപ്മെന്‍റ് കോർപറേഷൻ ഓഫിസിലേക്കാണ് യൂത്ത് ലീഗ് മാർച്ച് നടത്തിയത്. പ്രതിഷേധ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമായതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതെ പ്രതിഷേധം തുടരുകയാണ് .
പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീറാണ് പ്രതിഷേധ മാര്‍ച്ച് ഉത്ഘാടനം ചെയ്തത്. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്, സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം തുടങ്ങിയവരാണ് മാർച്ചിന് നേതൃത്വം നല്‍കിയത്.
മന്ത്രി കെ.ടി ജലീല്‍ ചട്ടം മറികടന്ന് ബന്ധുവിന് മൈനോറിറ്റി ഫിനാന്‍സ് കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജറായി നിയമനം നല്‍കിയെന്ന് യൂത്ത് ലീഗ് വാര്‍ത്താ സമ്മേളനത്തില്‍ നേരത്തെ ആരോപിച്ചിരുന്നു. യോഗ്യതയുള്ള ആളെ കിട്ടാത്തത് കൊണ്ടാണ് ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ നിയമിച്ചതെന്നും ഇങ്ങനെ നിയമിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും ആരോപണത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കിയിരുന്നു.