സ്‌റ്റേഷനിലെത്തുന്ന പരാതിക്കാരോട് മാന്യമായി പെരുമാറണം; പൊലീസുകാരോട് രാജ്‌നാഥ് സിങ്

പൊലീസ് സ്റ്റേഷനില്‍ എത്തുന്ന പരാതിക്കാരോട് പൊലീസ് സ്വീകരിക്കുന്ന സമീപനത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ദല്‍ഹി പൊലീസിനോടായിരുന്നു ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം. പരാതി നല്‍കാനായി സ്റ്റേഷനിലെത്തുന്നവരോട് പൊലീസ് അല്പം കൂടി മാന്യതയോടെ പെരുമാറേണ്ടതുണ്ടെന്നും രാജ്യത്തിന് മൊത്തം മാതൃകയായിരിക്കണം ദല്‍ഹി പൊലീസെന്നും രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു.

പരാതിക്കാരോട് കാര്യങ്ങൾ സാവകാശം ചോദിച്ച് മനസിലാക്കണം. പരാതിക്കാരോട് പൊലീസിന് താഴ്മയോടെ സംസാരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്? എന്തിന് വേണ്ടിയാണ് പരാതിക്കരെ മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനിൽ പിടിച്ചിരുത്തുന്നത്? അത്തരത്തിൽ കാത്തു നിൽക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അത് മുൻ കൂട്ടിതന്നെ പരാതിക്കാരോട് പറയേണ്ട കടമ ഉദ്യോ​ഗസ്ഥർക്കില്ലെ? രാജ്‌നാഥ് സിങ് ചോദിച്ചു. തലസ്ഥാനത്ത് പൊലീസ് പെട്രോളിങ്ങിനായി 300 പുതിയ ‘റഫ്താർ’ മോട്ടോര്‍ബൈക്കുകളും ചടങ്ങില്‍ അദ്ദേഹം കൈമാറി.

അതേ സമയം  പൊലീസ് സ്റ്റേഷനുകളിൽ എത്തുന്നവർക്ക് വേണ്ടി ടീ സ്റ്റാള്‍ സൗകര്യം ഒരുക്കാന്‍ സാധിക്കുമോ എന്ന് പൊലീസ് കമ്മീഷണറോട് രാജ്‌നാഥ് സിങ് ചോദിച്ചു. അതിന് സാധിക്കുമെങ്കിൽ ആഭ്യന്തരമന്ത്രാലയം ഫണ്ട് അനുവദിക്കുമെന്നും പൊലീസുകാർ അവനവന് തന്നെ മാതൃകയാകണമെന്നും പൊലീസിനെ പറ്റി പൊതുജനങ്ങൾക്കിടയിലുള്ള തെറ്റായ ധാരണകൾ മാറ്റി എടുക്കണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. സിറ്റി പൊലീസ് മേധാവി അമുല്യ പട്നായിക്, ദില്ലി ലെഫ്റ്റനന്റ് ഗവർണ്ണർ അനിൽ ബൈജൽ  എന്നിവർ അദ്ദേഹത്തോടൊപ്പം ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!