ഓഫീസ് ആക്രമണം; ഭയപ്പെടുത്തി നിശ്ശബ്ദനാക്കാൻ കഴിയില്ലെന്ന് സുനിൽ പി. ഇളയിടം

കാലടി സംസ്കൃത സർവകലാശാലയിലുള്ള തന്‍റെ ഓഫീസിന് നേരെ ആക്രമണം അഴിച്ചുവിട്ടതിനെതിരെ സുനില്‍ പി. ഇളയിടം. തന്നെ ഭയപ്പെടുത്തി നിശ്ശബ്ദനാക്കാൻ കഴിയില്ലെന്ന് സുനിൽ പി. ഇളയിടം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഘ പരിവാറിന്റെ സ്ഥിരം ഭീഷണിയുടെ സ്വഭാവം തന്നെ ആണ് ഈ ആക്രമണത്തിനെന്നും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ സമരം ചെയ്യുന്ന സംഘപരിവാർ സംഘടനകൾക്കെതിരെ നിലപാടെടുത്ത പ്രഭാഷകനും അധ്യാപകനും വാഗ്മിയുമായ ഡോ.സുനിൽ പി. ഇളയിടത്തിന്‍റെ കാലടി സംസ്കൃത സർവകലാശാലയിലുള്ള ഓഫീസിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ഓഫീസിന് മുന്നിൽ സുനിൽ പി. ഇളയിടത്തിന്‍റെ പേരെഴുതിയ നെയിം ബോർഡ് പൊളിച്ചു കളഞ്ഞ അക്രമികൾ, അദ്ദേഹത്തിന്‍റെ ഓഫീസ് മുറിയ്ക്ക് മുന്നിൽ കാവി ചായം കൊണ്ട്, അപായ ചിഹ്നവും വരച്ചു വച്ചിട്ടുണ്ട്.

നേരത്തേ, സുനിൽ പി.ഇളയിടത്തെ കണ്ടാൽ കല്ലെറിഞ്ഞു കൊല്ലാൻ സംഘപരിവാർ അനുകൂലികൾ ഫേസ്ബുക്കിൽ വ്യാപക പ്രചാരണം നടത്തിയിരുന്നു. ഫേസ്ബുക്കിൽ തുടർച്ചയായി സംഘപരിവാർ അനുകൂല പ്രചാരണം നടത്തുന്ന അടൂർ സ്വദേശിയായ ശ്രീവിഷ്ണു എന്നയാളാണ് ഭീഷണി ഉയർത്തിയത്.

error: Content is protected !!