സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പിരന്നിട്ടില്ല; രാഹുല്‍ ഗാന്ധിക്കെതിരെ സവര്‍ക്കറിന്‍റെ കുടുംബം

ഹിന്ദു മഹാസഭാ നേതാവ് വീര്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് കാല് പിടിച്ച് മാപ്പിരന്നാണ് ജയില്‍ മോചിതനായതെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്തവാനയ്‌ക്കെതിരെ സവര്‍ക്കറുടെ കുടുംബം രംഗത്ത്. രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ സവര്‍ക്കറുടെ അനന്തരവന്‍ രഞ്ജീത് സവര്‍ക്കര്‍ പരാതി നല്‍കി. മുംബൈ ശിവജി പോലീസ് സ്‌റ്റേഷനിലാണ് രാഹുലിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
തെറ്റായ പ്രസ്താവന നടത്തി രാഹുല്‍ സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി. ഒരു തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് രാഹുലിന്റെ പ്രസ്താവന. ഗാന്ധിജിയൊക്കെ ജയിലില്‍ കിടന്ന സമയത്ത് സവര്‍ക്കാര്‍ ബ്രിട്ടീഷുകാര്‍ക്ക് കത്തെഴുതി മാപ്പിരന്ന് പുറത്തിറങ്ങിയെന്നും ഈ ചിത്രമാണ് മോദി പാര്‍ലമെന്റിൽ വെച്ചിരിക്കുന്നതെന്നുമാണ് രാഹുല്‍ പറഞ്ഞത്. രാഹുലിന്‍റെ പ്രസ്താവന തെറ്റാണ്. ബ്രിട്ടീഷുകാര്‍ 27 വര്‍ഷം ജയിലിലടച്ചിട്ടയാളാണ് സവര്‍ക്കറെന്ന് അനന്തരവാനായ രഞ്ജീത് സവര്‍ക്കര്‍ പറഞ്ഞു.
”ബ്രീട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് കോണ്‍ഗ്രസ് നേതാക്കളെല്ലാം ജയിലിലായിരുന്നു. ഇതിനിടയില്‍ ഒരാള്‍ ബ്രിട്ടീഷുകാര്‍ക്ക് കത്തെഴുതി. ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. ഒരു രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഞാന്‍ പങ്കെടുത്തിട്ടില്ല. എന്നെ ജയില്‍ മോചിതനാക്കണം. ഞാന്‍ നിങ്ങളുടെ കാലു പിടിക്കാം. ദയവ് ചെയ്ത് എന്നെ വിട്ടയക്കണം. എന്നാല്‍ മറ്റൊരു ഭാഗത്ത് മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, അംബേദ്കര്‍, സര്‍ദാര്‍ പട്ടേല്‍ എന്നിവര്‍ രാജ്യത്തിന്റെ സ്വാതന്ത്യത്തിനായി പോരാടുകയായിരുന്നു”. രാഹുല്‍ ഗാന്ധിയുടെ പരിഹാസം ഇങ്ങനെയായിരുന്നു.