ശബരിമലയില്‍ ആചാരലംഘനം നടന്നു: സ്ത്രീകളെ തടഞ്ഞത് തെറ്റെന്നും സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്

യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെ സ്ഥിതി അതീവഗുരുതരമെന്ന് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീകളെ തടഞ്ഞത് തെറ്റെന്നും, പതിനെട്ടാം പടിയില്‍ കയറിയതില്‍ ആചാരലംഘനം നടന്നെന്നും ജില്ലാ ജഡ്ജികൂടിയായ എം.മനോജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശവിരുദ്ധശക്തികളും ക്രിമിനലുകളും നിലവിലെ സാഹചര്യം മുതലാക്കിയേക്കാമെന്നും മണ്ഡലകാലത്തും ശബരിമലയിൽ സംഘർഷത്തിന് സാധ്യതയെന്നും റിപ്പോർട്ടിലുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭങ്ങളില്‍ നിയന്ത്രണം വരുത്താന്‍ തയ്യാറാകണമെന്നും എം.മനോജ് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് രണ്ടാം തവണയാണ് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നത്. നേരത്തെ തുലാമാസ പൂജാവേളയ്ക്ക് പിന്നാലെ സ്‌പെഷ്യല്‍ കമ്മീഷണര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശബരിമലയിലെ സാഹചര്യം കൃത്യമായി വിവരിക്കുന്നതോടൊപ്പം ചില മുന്നറിയിപ്പുകള്‍ കൂടി നല്‍കുന്നതാണ് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ഇത് കോടതി അടുത്ത ദിവസം പരിഗണിക്കും.

ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോള്‍ വത്സന്‍ തില്ലങ്കേരിയും ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കരദാസും ഇരുമുടിക്കെട്ടില്ലാതെ പടികയറിയത് വിവാദമായിരുന്നു. ഇരുമുടിക്കെട്ടില്ലാതെ പടികയറിയത് ആചാരലംഘനമെന്ന് തന്ത്രി കണ്ഠരര് രാജീവരും പറഞ്ഞിരുന്നു. തന്ത്രിക്കും രാജകുടുംബത്തിനും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ കയറാനാകൂ എന്നാണ് തന്ത്രി പറഞ്ഞത്.

error: Content is protected !!