പിഴയടയ്ക്കാന്‍ പണമില്ലെന്ന് പറഞ്ഞു ; യുവാവിനെ കയ്യേറ്റം ചെയ്ത് എസ്ഐ

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സനല്‍കുമാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ വിവാദങ്ങള്‍ തുടരുന്നതിനിടെ കണ്ണൂര്‍ പാടിക്കുന്നില്‍ യുവാവിന് നേരെ എസ്.ഐയുടെ കയ്യേറ്റം. പൊതു സ്ഥലത്ത് സിഗരറ്റ് വലിച്ചു എന്ന പേരിലാണ് കയ്യേറ്റം.

എസ്ഐ രാഘവന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പിഴയടയ്ക്കാന്‍ ഇപ്പോള്‍ പണമില്ലെന്ന് യുവാവ് പറയുമ്പോള്‍ കഴുത്തിന് പിടിച്ചു തള്ളുകയും തല്ലുമെന്നു ഭീഷണിപ്പെടുത്തുന്നതും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്. പൊതുസ്ഥലത്ത് വഴിയോരത്ത് ഇരുന്ന് സിഗരറ്റ് വലിച്ചതിനാണ് എസ്ഐ രാഘവന്‍ യുവാവിനെ പിടികൂടുന്നത്.

തുടര്‍ന്ന് പിഴയടയ്ക്കണമെന്ന് പറഞ്ഞു. കെെയില്‍ പണമില്ലാത്ത കാര്യം പറഞ്ഞെങ്കിലും പിഴ അപ്പോള്‍ തന്നെ നല്‍കണമെന്ന വാശിയിലായിരുന്നു എസ്ഐ. പണം പിന്നീട് അടയ്ക്കാമെന്ന് യുവാവ് പറയുമ്പോള്‍ എസ്ഐ ദേഹത്ത് കെെവെച്ചു. ഇതോടെ തന്‍റെ ദേഹത്ത് കെെവെയ്ക്കരുതെന്ന് യുവാവ് പറയുമ്പോഴാണ് തല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത്.

വീണ്ടും വാക്കുതര്‍ക്കം തുടര്‍ന്നു. പിഴ എഴുതിയ ശേഷം തിരിച്ച് വണ്ടിയില്‍ കയറിയ ശേഷം വീണ്ടും ഇറങ്ങി വന്ന് യുവാവിനെ കയ്യേറ്റം ചെയ്യുന്നതും വീഡിയോയിലുണ്ട്. യുവാവിന്‍റെ സുഹൃത്താണ് വീഡിയോ പകര്‍ത്തിയത്.

സ്ഥലത്തെ എസ്ഐക്കെതിരെ നിരവധി പരാതികള്‍ നിലവിലുണ്ടെന്ന ആരോപണം നാട്ടുകാര്‍ക്കുണ്ട്. ഇതോടെ കയ്യേറ്റ ശ്രമത്തില്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് യുവാവിന്‍റെ തീരുമാനം.

error: Content is protected !!