ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും നടത്തുന്ന രാഷ്ട്രീയ പ്രചരണ യാത്രകള്‍ക്ക് ഇന്ന് തുടക്കം

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും നടത്തുന്ന രാഷ്ട്രീയ പ്രചരണ യാത്രകള്‍ക്ക് ഇന്ന് കാസര്‍കോട് തുടക്കമാകും . ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും സംയുക്തമായി നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുമാണ് ഇന്ന് പര്യടനം ആരംഭിക്കുന്നത്. എന്‍.ഡി.എയുടെ യാത്ര രാവിലെ മധൂരില്‍ നിന്നും കെ.സുധാകരന്‍ നയിക്കുന്ന യാത്ര വൈകീട്ട് പെര്‍ളയില്‍ നിന്നുമാണ് തുടങ്ങുക.

വര്‍ഗീയതയെ ചെറുക്കുക, വിശ്വാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തിലാണ് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്റെ വിശ്വാസ സംരക്ഷണ യാത്ര. കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം ഹസ്സന്‍ യാത്ര ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ പെരിയയിലും വൈകിട്ട് തൃക്കരിപ്പൂരിലും യാത്രയ്ക്ക് സ്വീകരണം നല്‍കും.

ഇടതു സർക്കാരിന്റേത് ശബരിമല ക്ഷേത്രം തകർക്കാനുള്ള ഗൂഢാലോചനയാണെന്നരോപിച്ചാണ് എന്‍.ഡി.എയുടെ നേതൃത്വത്തിലുള്ള രഥയാത്ര. കര്‍ണാടക മുന്‍ മുഖ്യമന്ത്രി യദ്യൂരപ്പ യാത്ര ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസര്‍കോട് നഗരത്തില്‍ ഘോഷയാത്രയും വൈകീട്ട് നിലേശ്വരത്ത് സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ശബരിമല സംരക്ഷണ രഥയാത്ര നവംബർ 13 ന് സമാപിക്കും.

error: Content is protected !!