നെയ്യാറ്റിൻകര കൊലപാതകം: പൊലീസിൽ വിശ്വാസമില്ലെന്ന് സനലിന്‍റെ ഭാര്യ

പൊലീസിൽ വിശ്വാസമില്ലെന്ന് നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. കേസിൽ പൊലീസ് ഒത്തുകളിക്കുകയാണെന്ന് വിജി ആരോപിച്ചു. കുറ്റക്കാരനായ ഡിവൈഎസ്പിയെ സംരക്ഷിക്കുകയാണ് അവർ ചെയ്യുന്നത്. സസ്പെൻഷൻ മതിയായ നടപടിയല്ല. ഹരികുമാറിനെ സർവീസിൽനിന്നു പിരിച്ചുവിടണമെന്നും അവർ ആവശ്യപ്പെട്ടു. ഇതേകാര്യം സനലിന്റെ അമ്മയും ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകരയിൽ റോഡിലെ തർക്കത്തെ തുടർന്ന്  സനലിനെ കാറിന് മുന്നിലേക്ക് പിടിച്ച് തള്ളി ഡിവൈഎസ്പി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എന്നാല്‍ ഹരികുമാര്‍ ഒളിവില്‍ പോവുകയായിരുന്നു.

കൊടങ്ങാവിളയിൽ അഞ്ചിന് രാത്രിയാണ് സംഭവം. കാവുവിള സ്വദേശി സനൽകുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്. ഇലക്ട്രീഷ്യനായിരുന്നു സനൽ. ഭാര്യയും രണ്ടു മക്കളുമുണ്ട്.  കൊടങ്ങാവിളയിലെ സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്‍റെ വാഹനത്തിന് തടസമായി കാർ പാർക്ക് ചെയ്തതിൽ പ്രകോപിതനായി സനലിനെ മർദ്ദിക്കുകയായിരുന്നു.

വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ടെന്ന് ദൃക്സാക്ഷികൾ ആരോപിക്കുന്നു. എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.സനലിനെ ആശുപത്രിയിലെത്തിക്കാൻ നിൽക്കാതെ ഡിവൈഎസ്പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

ജീവനുണ്ടായിരുന്ന സനലിനെ ആംബുലൻസിൽ പൊലീസ് നെയ്യാറ്റിൻകര സ്റ്റേഷനിലേക്കാണ് ആദ്യം കൊണ്ട് പോയതെന്നും നാട്ടുകാർ പറയുന്നു. ഇതോടെ ഡിവൈഎസ്പിക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ട് നാട്ടുകാർ രാത്രി റോഡ് ഉപരോധിച്ചിരുന്നു. സമീപത്തെ കടയിലെ സിസിടിവിയിൽ നടന്നതെല്ലാം പതിഞ്ഞിട്ടുണ്ട്.

error: Content is protected !!