സനൽകുമാറിന്‍റെ കൊലപാതകം: ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തേക്കും

നെയ്യാറ്റിൻകര സ്വദേശി സനൽകുമാറിന്‍റെ കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ഏറ്റെടുത്തേക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പ്രതിയായ കേസായതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. മുൻകൂർ ജാമ്യം ലഭിക്കാനിടയില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഹരികുമാർ കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്.

ഒളിവിൽ പോയ ഡിവൈഎസ്‌പി ഹരികുമാറിനായി രാജ്യത്തെ വിമാനത്താവളങ്ങളിലും ലുക്കൗട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് ഹരികുമാറിനെ രക്ഷപ്പെടാൻ സഹായിച്ച കൊടങ്ങാവിള സ്വദേശി ബിനുവും ഒളിവിലാണ്. ബിനുവിന്‍റെ വീടിന് സംരക്ഷണം ഏർപ്പെടുത്തിയ പൊലീസ് നടപടിക്കെതിരെ നാട്ടുകാര്‍ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തി.

കൊടങ്ങാവിളയിൽ തിങ്കളാഴ്ച രാത്രിയാണ് വാക്കുതർക്കത്തെ തുടർന്ന് കാവുവിള സ്വദേശി സനൽകുമാര്‍(32) കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലെ സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഡിവൈഎസ്‌പി തന്‍റെ വാഹനത്തിന് തടസമായി കാർ പാർക്ക് ചെയ്തതിൽ പ്രകോപിതനായി സനലിനെ മർദ്ദിക്കുകയായിരുന്നു. സനലിനെ ഡിവൈഎസ്‌പി റോഡിലേക്ക് തള്ളിയിട്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. പിന്നാലെ എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

error: Content is protected !!