നെയ്യാറ്റിന്‍കര കൊലപാതകം: സൈറണ്‍ ഇടേണ്ടെന്ന് പൊലീസ് പറഞ്ഞതായി ആംബുലന്‍സ് ഡ്രൈവര്‍

നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പി തള്ളിയിട്ടപ്പോള്‍ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തില്‍ പോലീസ് ചികിത്സ വൈകിപ്പിക്കാന്‍ ശ്രമിച്ചതായി ആംബുലന്‍സ് ഡ്രൈവറുടെ വെളിപ്പെടുത്തല്‍. ഗുരുതരമായി പരിക്കേറ്റ സനലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് പോയാല്‍മതിയെന്നായിരുന്നു പോലീസുകാരുടെ നിലപാടെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് പറഞ്ഞു.
ആംബുലന്‍സ് ആശുപത്രിയില്‍ പോകുന്നതിന് പകരം പൊലീസ് സ്റ്റേഷനിലേക്ക് പോയത് പൊലീസിന്‍റെ ആവശ്യപ്രകാരമായിരുന്നു. പോകുമ്പോള്‍ സൈറണ്‍ ഇടേണ്ടെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നെന്നും അനീഷ് പറഞ്ഞു. സാധാരണയായി പരിക്കേറ്റ ആളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്പോള്‍ സൈറണ്‍ ഇടണമെന്നാണ് നിയമം. എന്നാല്‍ സൈറണ്‍ വേണ്ടെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ വഴിമാറി പോയത് കൊണ്ട് കാര്യമായ സമയനഷ്ടം ഉണ്ടായിട്ടില്ലെന്നും അനീഷ് പറഞ്ഞു. അപകടം കഴിഞ്ഞ് അരമണിക്കൂറിന് ശേഷമാണ് സനലിനെ പൊലീസ് ആശുപത്രിയിലെത്തിച്ചത്. ഇത് രക്തം നഷ്ടപ്പെടാന്‍ കാരണമായി. സനല്‍ കുമാറിന് വഴി മദ്ധ്യേ പൊലീസ് മദ്യം നല്‍കിയെന്ന് പറയുന്നത് തെറ്റാണെന്നും അനീഷ് പറഞ്ഞു. സനലിന്‍റെ സഹോദരിയാണ് സനലിന് പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മദ്യം നല്‍കിയെന്നാരോപിച്ചത്.