നോട്ട് നിരോധനം: രാജ്യം കണ്ട എറ്റവും വലിയ ദുരന്തമെന്ന്‍ മമത ബാനര്‍ജി

പ്രധാനമന്ത്രി നോട്ട് നിരോധിച്ച ദിവസം രാജ്യം ഇരുട്ടിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. രാജ്യം കണ്ട എറ്റവും വലിയ ദുരന്തമാണ് അതെന്നും മമത പറഞ്ഞു. ട്വിറ്ററിലൂടെയാണ് മമത തന്റെ അഭിപ്രായം പങ്കുവെച്ചത്. നോട്ട് നിരോധനം എര്‍പ്പെടുത്തിയിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് മമതയുടെ പരാമര്‍ശം. നോട്ട് നിരോധനം കേന്ദ്രസര്‍ക്കാരിന്റെ തോല്‍വിയാണ്. ഇത് പ്രമുഖ സാമ്പത്തിക വിദഗ്ധരും സാധാരണക്കാരും ഒരുപോലെ സമ്മതിക്കുന്നുന്നുണ്ടെന്നും മമത വ്യക്തമാക്കി.
നേരത്തെ നോട്ടുനിരോധനം പാഴായിപ്പോയ ഒരു നടപടിയോ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത പരുക്കുകളേല്‍പ്പിച്ച ഒരു നീക്കം മാത്രമോ ആയിരുന്നില്ലെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞിരുന്നു. . അത് വളരെ ആസൂത്രിതമായി ജനങ്ങളെ കബളിപ്പിക്കാനും ബി.ജെ.പിക്കും അവരുടെ ശിങ്കിടികളായ മുതലാളിമാര്‍ക്കും തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള സഹായം എത്തിച്ചുകൊടുക്കാനുള്ള നടപടിയായിരുന്നുവെന്ന് മുന്‍ ബി.ജെ.പി നേതാവും ധനകാര്യമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ പറഞ്ഞു.
നോട്ടുനിരോധന വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്ത് വന്നിരുന്നു. . അബദ്ധത്തില്‍ തെറ്റു ചെയ്താലേ മാപ്പു പറയേണ്ടതുള്ളൂ, എന്നാല്‍ നോട്ടു നിരോധനം പ്രധാനമന്ത്രി മോദി മനഃപൂര്‍വം കൊണ്ടുവന്നതാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
എന്നാല്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി നോട്ടുനിരോധനത്തെ ന്യായീകരിച്ച് ബ്ലോഗ് ചെയ്തിരുന്നു. നോട്ടുനിരോധനം നിലവില്‍ വന്നതോടെ സാമ്പത്തിക രംഗം അഭിവൃദ്ധിപ്പെട്ടെന്നും നികുതിപ്പണം കൂടുതല്‍ എത്താന്‍ ആരംഭിച്ചെന്നും വളര്‍ച്ചാ നിരക്കില്‍ വര്‍ദ്ധനവുണ്ടായെന്നും ജയ്റ്റ്ലി ബ്ലോഗില്‍ പറയുന്നു.