ശബരിമല: ആദ്യ സംഘര്‍ഷത്തില്‍ പിടിയിലായ ഇരുന്നൂറോളം പേര്‍ വീണ്ടുമെത്തി

ചിത്തിര ആട്ടത്തിരുനാളിന് നട തുറന്നപ്പോൾ ശബരിമലയിൽ എത്തിയവരിൽ ഇരുന്നൂറോളം പേരെങ്കിലും നേരത്തെ സംഘർഷമുണ്ടായപ്പോൾ ശബരിമലയിൽ ഉണ്ടായിരുന്നവരാണെന്ന് പോലീസ് വിലയിരുത്തൽ. അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഇവർ ഇക്കുറിയും ശബരിമലയിൽ എത്തിയിരുന്നതായി പോലീസ് ചൂണ്ടിക്കാട്ടുന്നു. പോലീസ് ഒരുക്കിയ ഫെയ്‌സ് ഡിറ്റക്‌ഷൻ സോഫ്റ്റ്‌ വേറിന്റെ സഹായത്തോടെയാണ് ഇക്കാര്യം വ്യക്തമായത്.

തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോള്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോ ഉള്‍പ്പെടെയുള്ളവ പോലീസ് പരിശോധിക്കുകയും 3700-ഓളം പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇവരില്‍ നിന്നുള്ള ഇരുന്നൂറോളം പേരാണ് ചിത്തിര ആട്ടത്തിരുനാളിന് നട തുറന്നപ്പോള്‍ ശബരിമലയില്‍ എത്തിയത്.

ശബരിമലയില്‍ വീണ്ടും നടതുറപ്പോള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്ത്രീകളെ തടഞ്ഞ് അക്രമിക്കുകയും കൊലവിളി നടത്തുകയും ചെയ്തത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ന്യായീകരിക്കാനാകാത്ത അക്രമസംഭവങ്ങളാണ് പമ്പയിലും നിലയ്ക്കലിലുമുണ്ടായതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സുപ്രീം കോടതി വിധിക്കെതിരേയാണ് സമരം. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നും കോടതി പറഞ്ഞു.

ശബരിമല അക്രമങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്കു മുന്നില്‍ വന്ന അഡ്വ.ഗോവിന്ദ് മധുസൂദനന്റേ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം അറിയിച്ചത്. താന്‍ അക്രമത്തില്‍ പങ്കെടുത്തില്ലെന്നും നാമജപത്തില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇയാളുടെ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രമാണെന്നു ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളുകയായിരുന്നു.

നേരത്തെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ല സെഷന്‍സ് കോടതി തള്ളിയിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് എത്തിയ ഉദ്യോഗസ്ഥരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും അക്രമിച്ചവരുടെ ജാമ്യാപേക്ഷയാണ് തള്ളിയിരുന്നത്.

error: Content is protected !!