പ്രതിഷേധം ശക്തം; കെഎസ്‌ആര്‍ടിസി ബസിന് കല്ലേറ്, പൊലിസ് വാഹനത്തിന്‍റെ ചില്ല് തകര്‍ത്തു

ശബരിമലയില്‍ നാമജപപ്രതിഷേധം നടത്തിയവരെ കസ്റ്റഡിയിലെടുത്തതില്‍ കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറ്. തൃശൂരിലേക്ക് പോയ ബസിന്‍റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. ആലപ്പുഴയില്‍ പൊലിസ് വാഹനത്തിന്‍റെ ചില്ലും പ്രതിഷേധക്കാര്‍ തകര്‍ത്തിട്ടുണ്ട്. നാമജപപ്രതിഷേധക്കാരുടെ അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാന വ്യപകമായ പ്രതിഷേധമാണ് അരങ്ങേറുന്നത്.

തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. ആറന്‍മുളയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ വസതിയും ഉപരോധിച്ചു. മലപ്പുറം അങ്ങാടിപ്പുറത്ത് പാലക്കാട്- കോഴിക്കോട് ദേശീയപാത നാമജപപ്രതിഷേധക്കാര്‍ ഉപരോധിച്ചു. വിവിധ ജില്ലകളിലെ നിരവധി പൊലിസ് സ്റ്റേഷനുകള്‍ക്ക് മുന്നിലും പ്രതിഷേധം നടന്നു.

ശബരിമല വലിയനടപ്പന്തലില്‍ നാമജപപ്രതിഷേധം നടത്തിയ എണ്‍പതിലധികം പേരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ കുത്തിയിരുന്ന് നാമജപം നടത്തിയായിരുന്നു പ്രതിഷേധം. എന്നാല്‍ പൊലിസ് ആവശ്യപ്പെട്ടിട്ടും പിരിഞ്ഞുപോകാത്തവരെ നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി.

error: Content is protected !!