കെ.പി.ശശികല ശബരിമലയിലേക്ക്; പുലർച്ചെ എരുമേലിയിലെത്തി

ഹിന്ദു ഐക്യവേദി സംസ്ഥാനപ്രസിഡന്‍റ് കെ.പി.ശശികല ശബരിമലയിൽ ദർശനം നടത്താൻ പുറപ്പെട്ടു. പുലർച്ചെ എരുമേലിയിൽ നിന്ന് പമ്പയിലേക്ക് ശശികല പുറപ്പെട്ടു. പേരക്കുട്ടിയുടെ ചോറൂണിനാണ് ശശികല പോകുന്നത്. കുഞ്ഞിനെയും കൊണ്ടാണ് ശശികല പുറപ്പെട്ടത്. ശശികലയെ തടയില്ലെന്ന് ഇന്നലെ പൊലീസ് വ്യക്തമാക്കിയിരുന്നെങ്കിലും അർധരാത്രിയുണ്ടായ സംഘർഷങ്ങളുടെ സാഹചര്യത്തിൽ എന്തെങ്കിലും നിയന്ത്രണങ്ങളുണ്ടാകുമോ എന്ന് വ്യക്തമല്ല.

വെള്ളിയാഴ്ച രാത്രിയോടെയാണ് കെ.പി.ശശികല ഇരുമുടിക്കെട്ടുമായി മല കയറാനെത്തിയത്. എന്നാൽ രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ തീർഥാടകരെ പൊലീസ് നിയന്ത്രിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. രാത്രി സന്നിധാനത്ത് ആരെയും തങ്ങാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പൊലീസ്. എന്നാൽ രാത്രി സന്നിധാനത്ത് തങ്ങുമെന്ന് വ്യക്തമാക്കി ശശികല മരക്കൂട്ടത്ത് കുത്തിയിരുന്നു.

ഇതോടെയാണ് പൊലീസ് കെ.പി.ശശികലയെ കരുതൽ കസ്റ്റഡിയിലെടുത്തത്. പിന്നീട് ശശികലയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ ശശികലയെ അറസ്റ്റ് ചെയ്തതിനെതിരെ ഹിന്ദു ഐക്യവേദി അർധരാത്രി ഹർത്താൽ പ്രഖ്യാപിച്ചു. ബിജെപി ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു.

ശനിയാഴ്ച ഉച്ചയോടെ ശശികലയെ കോടതിയിൽ ഹാജരാക്കി. ശശികലയ്ക്കെതിരെ ഇതുവരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളടക്കമുള്ള റിപ്പോർട്ടും പൊലീസ് കോടതിയിൽ നൽകി. ഇതേത്തുടർന്ന് മല കയറി ദർശനം നടത്തി മടങ്ങാമെന്ന ഉറപ്പിൽ കെ.പി.ശശികലയെ തിരുവല്ല മജിസ്ട്രേറ്റ് ജാമ്യത്തിൽ വിടുകയായിരുന്നു.

error: Content is protected !!