ശബരിമല‌ ആചാരങ്ങളിൽ ഇടപെടില്ല: സുരക്ഷ ഉറപ്പാക്കും, സർക്കാർ ഹൈക്കോടതിയില്‍

ശബരിമല‌ ആചാരങ്ങളിൽ ഇടപെടില്ലെന്നു സർക്കാർ ഹൈക്കോടതിയിൽ. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ നിലപാട് അറിയിച്ചത്. സുരക്ഷാ കാര്യങ്ങളിൽ മാത്രമെ ഇടപെടുകയുള്ളു. ശബരിമലയിൽ എത്തുന്ന യഥാർഥ ഭക്തരെ തടയില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

മതപരമോ ആചാരപരമോ ആയ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. ഇനി ഇടപെടാന്‍ ഉദ്ദേശിക്കുന്നുമില്ല. സുഗമമായ തീര്‍ഥാടന കാലം ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങള്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തും. ശബരിമലയുടെ ക്ഷേത്രകാര്യങ്ങളില്‍ മുഖ്യമന്ത്രി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. സുരക്ഷാ കാര്യങ്ങളില്‍ മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

സ്ത്രീ പ്രവേശനം സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിക്കുന്നതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സ്ത്രീകളുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. യഥാര്‍ഥ വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

error: Content is protected !!