ശബരിമല: ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം ഇന്ന്

ശബരിമല വിഷയവുമായി ബന്ധപെട്ട് ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍. ശബരിമലയില്‍ നവംബര്‍ അഞ്ചോടെ നട തുറക്കുകയാണ്. അപ്പോഴേക്കും സമരരീതികള്‍ ശക്തിപ്പെടുത്താനാണ് ബി.ജെ.പിയുടെ തീരുമാനം.

തുലാമാസത്തില്‍ ശബരിമല നട തുറന്നപ്പോള്‍ ശബരിമലയിലും പരിസരത്തും നടന്ന പ്രതിഷേധം കാരണം സ്ത്രീ ഭക്തരെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. സംഘര്‍ഷത്തില്‍ പങ്കെടുത്തവരെ കൂട്ടത്തോടെ പൊലീസ് അറസ്റ്റ് ചെയ്യുകയാണ്. പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണെന്നു ആരോപിച്ച് വലതുപക്ഷ സംഘടനകള്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധം തുടരുന്നു.

ശബരിമലയില്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ ഏതു വഴിയിലൂടെയെങ്കിലും തടയുക എന്നതാണ് എന്നതാണ് ബി.ജെ.പിയുടെ പദ്ധതി. ഒരു വിധേനയും ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കാന്‍ അനുവദിക്കില്ല എന്നുതന്നെയാണ് ബി.ജെ.പി. നേതാക്കള്‍ ഇപ്പോഴും പറയുന്നത്. സര്‍ക്കാരിന്റെ ശബരിമല നയത്തിനെതിരെ നടത്തുന്ന രഥയാത്രക്ക് വേണ്ടത്ര സ്വീകാര്യത ലഭിക്കാനായി, സമരരീതികളില്‍ കാര്യമായ മാറ്റം വരുത്താനും ബി.ജെ.പി ആലോചിക്കുന്നുണ്ട്. ഇന്നത്തെ കോര്‍ കമ്മിറ്റി യോഗത്തില്‍ ഇത് ചര്‍ച്ചാവിഷയമാകും.

ശബരിമലയില്‍ മുതിര്‍ന്ന സ്ത്രീകളെ മുന്‍നിര്‍ത്തി പ്രതിഷേധം നടത്താനാണ് തീരുമാനം. മണ്ഡല മകരവിളക്കിനായി നട തുറക്കുമ്പോള്‍ ദിവസേന ആയിരം സ്ത്രീകളെ ക്ഷേത്രത്തിനു മുന്നിലായി അണിനിരത്തും. ദര്‍ശനം നടത്താന്‍ സ്ത്രീകളെത്തുമ്പോള്‍ അവിടെയുള്ള സ്ത്രീകളെ ഉപയോഗിച്ച് അവരെ തിരികെ അയക്കുക എന്നതാണ് പദ്ധതി. വ്രതം നോറ്റ സ്ത്രീകളെയാകും ബി.ജെ.പി. ശബരിമലയില്‍ വിന്യസിക്കുക. ശബരിമലയിലെത്തുന്ന സ്ത്രീകളെ ഈ ‘അമ്മമാര്‍’ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി തിരികെ അയക്കും എന്നാണ് ബി.ജെ.പി. കണക്കുകൂട്ടുന്നത്. നട തുറന്നതിനു ശേഷം എല്ലാ ദിവസവും ഇവരെ മുന്‍നിര്‍ത്തിയാകും പാര്‍ട്ടി പ്രതിഷേധം ശക്തമാക്കുക.

നവംബര്‍ അഞ്ചിന് നട തുറക്കുമ്പോള്‍ ചിത്തിര പൂജ എന്ന ചടങ്ങുണ്ടാകും. ഈ സമയത്ത് കഴിയാവുന്നത്ര പ്രവര്‍ത്തകരെ ബി.ജെ.പി. സന്നിധാനത്തെത്തിക്കും. അന്‍പത് കഴിഞ്ഞ സ്ത്രീകളുടെ വലിയൊരു നിര ഈ സമയത്ത് ശബരിമലയില്‍ ഉണ്ടാകണമെന്ന് പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയുള്‍പ്പെടെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം നവംബര്‍ അഞ്ചിന് സന്നിധാനത്തുണ്ടാകുമെന്നാണ് വിവരം.

error: Content is protected !!