മണ്‍വിള തീപിടുത്തത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഫയര്‍ഫോഴ്സും പൊലീസും

മണ്‍വിളയിലെ തീപിടുത്തത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഫയര്‍ഫോഴ്‌സ് മേധാവി എ. ഹേമചന്ദ്രനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടത്തുമെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് ഡി.ജി.പി അറിയിച്ചു. ഇന്നലെ വൈകിട്ട് ഏഴേകാലോടെ ആരംഭിച്ച അഗ്‌നിബാധ ഏതാണ്ട് പന്ത്രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിയന്ത്രണ വിധേയമായത്. അഗ്‌നിശമനസേനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കൂടുതല്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീ പിടിച്ചതാണ് അഗ്‌നിബാധ രൂക്ഷമാക്കിയത്.

500 കോടി നഷ്ടമാണ് ഇപ്പോള്‍ ഫാമിലി പ്ലാസ്റ്റിക്സ് അധികൃതര്‍ കണക്കുക്കൂട്ടിയിരിക്കുന്നത്. അഞ്ച് നില കെട്ടിടം ഏതാണ്ട് പൂര്‍ണ്ണമായും കത്തിയിരുന്നത് കൊണ്ട് കെട്ടിടത്തിന് ബലക്ഷയമുണ്ട്. അതുകൊണ്ട് തന്നെ കെട്ടിടത്തിന് സമീപത്തേക്ക് പോകുകയെന്നത് ഏറെ ശ്രമകരമാണ്. ഏത് നിമിഷവും കെട്ടിടം നിലംപതിക്കാമെന്ന നിലയിലാണ്. അഗ്നിബാധ തുടങ്ങിയ ഇന്നലെ വൈകീട്ട് ഏഴ് മണിക്ക് കെട്ടിടത്തില്‍ ഏതാണ്ട് നൂറ്റമ്പതോളം ജീവനക്കാരുണ്ടായിരുന്നു.

ഇവരെ പെട്ടെന്ന് തന്നെ ഒഴിപ്പിച്ചത് കൂടുതല്‍ ദുരന്തമുണ്ടാകുന്നതില്‍ നിന്ന് തടഞ്ഞു. രണ്ട് പേര്‍ക്ക് വിഷപുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളൊഴിച്ചാല്‍ മറ്റ് ആര്‍ക്കും തന്നെ പരിക്കുകളില്ല. ജയറാം രഘു, ഗിരീഷ് എന്നിവരെ വിഷ പുകശ്വസിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഫാക്ടറിയിലെ മറ്റ് തൊഴിലാളികളെല്ലാം സുരക്ഷിതരാണ്.

error: Content is protected !!