ശബരിമല: എന്‍.എസ്.എസുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ദേവസ്വം മന്ത്രി

ശബരിമല വിഷയത്തില്‍ എന്‍.എസ്.എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ട ചട്ടമ്പി സ്വാമി സ്മാരകം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.എസ്.എസിന്റെ വ്യത്യസ്തമായ നിലപാടിനെ അംഗീകരിക്കുന്നു. അവരുമായി ചര്‍ച്ചക്ക് തുറന്ന മനസാണ് എന്നാണ് കടകംപള്ളി പറഞ്ഞത്.

മേലാംകോട് എന്‍എസ്എസ് ഓഫീസിനു നേരെ നടന്ന ആക്രമണത്തിലും ദേവസ്വം നിയമനങ്ങളിലെ സംവരണ പ്രശ്നത്തിലും സര്‍ക്കാരിനെതിരെ സുകുമാരന്‍ നായര്‍ രൂക്ഷവിമര്‍ശനം നടത്തിയതിനു പിന്നാലെയാണ് എന്‍എസ്എസുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമെന്ന് കടകംപളളി വ്യക്തമാക്കിയത്. എൻഎസ്എസ് മഹനീയ പാരമ്പര്യമുളള സംഘടനയാണ്. ശബരിമല അടക്കമുളള വിഷയങ്ങളില്‍ എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്നും ദേവസ്വം മന്ത്രി
പറഞ്ഞു.

ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമില്ല. സാമൂഹ്യവിരുദ്ധരെ ഒഴിവാക്കാനുളള പരിശോധന മാത്രമാണ് നടക്കുന്നത്. ബിജെപിക്ക് സ്വാധീനമുളള മേലാംകോട് എന്‍എസ്എസ് ഓഫീസിനു നേരെ നടന്ന ആക്രമണം സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യംവച്ചെന്നും കടകംപളളി പറഞ്ഞു. അതേസമയം ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. സമീപത്തെ കെട്ടിടങ്ങളില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഓഫീസിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

error: Content is protected !!