ശബരിമല അക്രമം: പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അരാജകത്വം സൃഷ്‌ടിക്കുമെന്ന് കോടതി

ശബരിമലയിലെ അക്രമ സംഭവങ്ങളില്‍ സര്‍ക്കാരിന്റെയും മാധ്യമ പ്രവര്‍ത്തകരുടെയും വാഹനങ്ങള്‍ നശിപ്പിച്ചവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട്  സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിക്കുകയും പത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്കും, 13 പൊലീസ് വാഹനങ്ങള്‍ക്കും, മാധ്യമ പ്രവര്‍ത്തകരുടെ വാഹന ങ്ങള്‍ക്കും കല്ലെറിഞ്ഞും അടിച്ചും നാശനഷ്ടങ്ങള്‍ വരുത്തിയതിനും പൊലീസ് സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്‌ത ഒന്നു മുതല്‍  അഞ്ചുവരെയുള്ള പ്രതികളുടെ  ജാമ്യാപേക്ഷകളാണ്  പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജോണ്‍  കെ ഇല്ലിക്കാടന്‍ തളളി ഉത്തരവായത്. ഷെലേഷ്, ആനന്ദ്, അശ്വിദ്, അഭിലാഷ്, കിരണ്‍ എന്നിവരുടെ ജാമ്യപേക്ഷകളാണ് തള്ളിയത്.

കെഎസ്ആര്‍ടിസി ബസുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയതില്‍  23,84,500  രൂപയും പൊലീസ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയതില്‍  1,53,000 രൂപയും നഷ്ടം സംഭവിച്ചതായിട്ടാണ് പ്രാഥമികമായി കണക്കാക്കുന്നത്. സംഭവത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളള മാധ്യമപ്ര ര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഗുരുതരമായി പരിക്കുപറ്റിയിരുന്നു. രാജ്യത്തെ പരമോന്നത കോടതി പുറപ്പെടുവിച്ച വിധി പരാജയപ്പെടുത്തുന്നതിന്  നിയമം കൈയിലെടുത്ത് വിളയാടിയ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നതിന് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതിന് തുല്യമാകുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. പ്രോസിക്യൂഷനു വേണ്ടി ജില്ലാ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഈപ്പന്‍ എ സി ഹാജരായി.

error: Content is protected !!