രാഹുല്‍ ഈശ്വര്‍ റാന്നി പൊലീസ് സ്റ്റേഷനിലെത്തി കെ പി ശശികലയെ കണ്ടു

രാവിലെ നിലയ്ക്കൽ പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങിയ രാഹുല്‍ ഈശ്വര്‍ റാന്നി പൊലീസ് സ്റ്റേഷനിലെത്തി  കെ പി ശശികലയെ കണ്ടു. നടപടി നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ച ശശികലയെ ഇന്ന് പുലര്‍ച്ചെ മരക്കൂട്ടത്ത് വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മടങ്ങിപ്പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ശശികല വഴങ്ങാതെ വന്നതോടെയായിരുന്നു അറസ്റ്റ്.

കെ പി ശശികലയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചുള്ള ഹർത്താൽ സംസ്ഥാനത്ത് തുടരുകയാണ് . ഹർത്താലിന് ബിജെപിയുടെ പിന്തുണയോടെ  ശബരിമല കർമ സമിതിയും ഹിന്ദു ഐക്യവേദിയുമാണ് ആഹ്വാനം ചെയ്തത് . തുലാമാസ പൂജക്കായി നട തുറന്നപ്പോൾ തീർത്ഥാടകരെ തടഞ്ഞതിന് രാഹുൽ ഈശ്വർ അറസ്റ്റിലായിരുന്നു.

പിന്നീട് ജാമ്യം കിട്ടിയെങ്കിലും, ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധിയുണ്ടാക്കാൻ ചിലർ തയ്യാറായി നിന്നിരുന്നു എന്ന വെളിപ്പെടുത്തലിനെ തുടർന്ന് രാഹുൽ വീണ്ടും അറസ്റ്റിലായി. ഈ സാഹചര്യത്തിലാണ് സന്നിധാനത്തേക്ക് പോയാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചത്. ഇതോടെയായിരുന്നു പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട ശേഷം രാഹുൽ മടങ്ങിയത്.

error: Content is protected !!