എന്‍സിപി ലയനം; കേരളാ കോണ്‍ഗ്രസ് ബിയില്‍ ഭിന്നത, ഗണേഷ് കുമാർ മടങ്ങി

എൻസിപിയിൽ ലയിക്കുന്നതിനെ ചൊല്ലി കേരള കോൺഗ്രസ് ബിയിൽ ഭിന്നത. ലയനം പാർട്ടിയുടെ അസ്ഥിത്വം ഇല്ലാതാക്കുമെന്നാണ് ഗണേഷ് കുമാർ എംഎൽഎയുടെ നിലപാട്. എന്നാൽ ലയന തീരുമാനവുമായി മുന്നോട്ട് പോകാനാണ് കോഴിക്കോട് ചേർന്ന ഉന്നതാധികാര സമിതി യോഗത്തിലെ തീരുമാനം.

പാർട്ടിയുടെ ശക്തി മുന്നണിയെ ബോധിപ്പിക്കാൻ കഴിയണം. മുന്നണിപ്രവേശനം സാധ്യമാക്കേണ്ടത് ഇങ്ങനെയാണ്. അല്ലാതെയുള്ള ലയനം പാര്‍ട്ടിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്നാണ് ഗണേഷ് കുമാർ എംഎൽഎയുടെ നിലപാട്. കോഴിക്കോട് നടന്ന മലബാർ മേഖല സമ്മേളന ചർച്ചയിൽ ഗണേഷ് കുമാർ നിലപാട് വ്യക്തമാക്കി. മലബാറിലെ ചില ജില്ലാ കമ്മിറ്റികളുടെ പിന്തുണയും ഗണേഷിന് ലഭിച്ചു. എന്നാൽ ലയനം വേണമെന്ന നിലപാടിൽ ആർ.ബാലകൃഷ്ണപിള്ള ഉറച്ചു നിന്നു.

ഇതോടെ സമ്മേളനത്തിന് ശേഷമുള്ള ഉന്നതാധികാര സമിതി യോഗത്തിന് നിക്കാതെ ഗണേഷ് കുമാർ മടങ്ങി. ലയന തീരുമാനവുമായി മുന്നോട്ട് പോവാനാണ് ഉന്നതാധികാര സമിതി യോഗത്തിലെ തീരുമാനം. എൻസിപിയുമായുള്ള ചർച്ചകൾക്കായി നാലംഗ സമിതിയെ നിയോഗിച്ചതായി ബാലകൃഷ്ണപിള്ള അറിയിച്ചു.

ലയനത്തിനെതിരെ എൻസിപിക്കുള്ളിൽ ഭിന്നതയുള്ളതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചർച്ചക്കായി തോമസ് ചാണ്ടി, ടി.പി പീതാംബരൻ, എ.കെ ശശീന്ദ്രൻ എന്നിവരെ ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. എൻസിപി കേരളാ കോൺഗ്രസ് ഉപസമിതികൾ ചൊവ്വാഴ്ച്ച തിരുവനന്തപുരത്ത് ചർച്ച നടത്തും.

error: Content is protected !!