നിയമസഭാ തെരഞ്ഞെടുപ്പ്; ഛത്തീസ്ഘട്ടില്‍ രാഹുലും മോദിയും ഇന്ന് പ്രചാരണ ചൂടില്‍

2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ശക്തി പ്രകടനത്തിനുള്ള തിരക്കിലാണ് ദേശീയ നേതൃത്വം. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് ഛത്തീസ് ഘട്ടില്‍ പ്രചാരണത്തിനിറങ്ങും. ഇരുവരെ സംമ്പന്ധിച്ചും ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ  പോരാട്ടം തന്നെയാണ് ഇത്.

മോദിയും രാഹുലും നേര്‍ക്ക് നേര്‍ പോര് ഇന്ന് തുടങ്ങും. ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ഛത്തീസ് ഘട്ടിൽ ഇന്ന് ഇരുവരും പ്രചാരണം നടത്തും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ പ്രഭാവം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കാൻ മോദി എല്ലാ അടവും പുറത്തെടുക്കും. അതേസമയം കോണ്‍ഗ്രസിന്‍റെ യുവത്വത്തിന്  മോദിയെ പോരിന് വിളിക്കാൻ ശേഷിയുണ്ടെന്ന് ബോധ്യപ്പെടുത്താനാകും രാഹുൽ ഗാന്ധിയുടെ ശ്രമം.

നക്സൽ സ്വാധീന മേഖലയായ ബസ്തറിലെ ജഗദാൽ പൂരിലിൽ നിന്നാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി തുടക്കമിടുന്നത്. രണ്ട് ദിവസം ഛത്തീസ് ഘട്ടിൽ തങ്ങുന്ന രാഹുൽ, മോദിക്ക് മറുപടി പറയാൻ നാളെ ജഗദാൽപൂരിലെത്തും. ഇന്ന് രാഹുലിന്‍റെ പര്യടനം മുഖ്യമന്ത്രി രമണ്‍ സിങ്ങിന്‍റെ മണ്ഡലമായ രാജ് നന്ദഗാവിലാണെന്നത് ശ്രദ്ധേയമാണ്. ഇന്ന് മണ്ഡലത്തിൽ തങ്ങുന്ന രാഹുൽ അവിടെ റോഡ് ഷോയും നടത്തും.

അതേ സമയം കോണ്‍ഗ്രസ് പ്രചാരണം ഏശില്ലെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി ക്യാമ്പ്. സംസ്ഥാനങ്ങളിലെ ഭരണ വിരുദ്ധ വികാരം മോദി പ്രഭാവത്താൽ മറികടക്കാമെന്ന് കണക്ക് കൂട്ടുന്നു. പ്രധാനമന്ത്രിയുടെ 30 ലധികം റാലികള്‍ അഞ്ച് സംസ്ഥാനങ്ങളിലുമായി നടത്താനാണ് പാര്‍ട്ടി പദ്ധതിയിടുന്നത്.

error: Content is protected !!