മോദിയേക്കാള്‍ മികച്ച നേതാവ് സ്റ്റാലിന്‍: എന്‍. ചന്ദ്രബാബു നായിഡു

പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ എന്തുകൊണ്ടും മികച്ച നേതാവ് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനാണെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി പ്രസിഡന്റുമായ എന്‍. ചന്ദ്രബാബു നായിഡു. ബി.ജെ.പി വിരുദ്ധ സഖ്യത്തിന്റെ മുഖം ചന്ദ്രബാബു നായിഡു ആയിരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു നായിഡുവിന്റെ മറുപടി. ”ഈ സഖ്യത്തിന്റെ മുഖം ഒരിക്കലും ഞാന്‍ ആയിരിക്കില്ല. നിങ്ങള്‍ അത് മനസിലാക്കേണ്ടതാണ്. ഞാന്‍ ഒരു ഉന്നത സ്ഥാനവും ആഗ്രഹിക്കുന്ന ആളല്ല. മറിച്ച് കാര്യങ്ങള്‍ നടപ്പിലാക്കാന്‍ മാത്രം ആഗ്രഹിക്കുന്ന ആളാണ്. എല്ലാവരേയും ഒന്നിച്ചുകൊണ്ടുവരാന്‍ മാത്രമായിരിക്കും എന്റെ ശ്രമം. കാര്യങ്ങള്‍ തീരുമാനിച്ച് ഞങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും”- ചന്ദ്രബാബു നായിഡു പറഞ്ഞു.

അതേ സമയം ബി.ജെ.പി ഭരണത്തിനെതിരായ മഹാസഖ്യത്തിന് പിന്തുണയുമായി എം.കെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നായിഡുമായുള്ള കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സ്റ്റാലിന്‍ മഹാസഖ്യത്തെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയത്. ബിജെപിക്കെതിരെ നിൽക്കാൻ  നേതാവല്ല മറിച്ച് നേതാക്കളാണ് വേണ്ടതെന്ന് സ്റ്റാലിൻ പറഞ്ഞിരുന്നു. മതേതര വിരുദ്ധമായി പ്രവർത്തിക്കുന്ന ബിജെപിയെ താഴെ ഇറക്കാൻ നായിഡുവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ഒപ്പം എച്ച്.ഡി ദേവഗദൗഡ, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി എന്നിവരടങ്ങുന്ന പ്രതിപക്ഷ സംഘവുമായും നായിഡു കൂടിക്കാഴ്ച നടത്തി.

error: Content is protected !!