മധുവിന്‍റെ കൊലപാതകം: വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം അട്ടിമറിക്കപ്പെട്ടു

അട്ടപ്പാടിയിലെ മധുവിന്‍റെ ആൾക്കൂട്ട കൊലപാതകത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം അട്ടിമറിക്കപ്പെട്ടു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ പുനരന്വേഷണം വേണമെന്നാണ് മധുവിന്‍റെ കുടുംബത്തിന്‍റെ ആവശ്യം. ആൾക്കൂട്ട ആക്രമണങ്ങൾ അവസാനിപ്പിക്കാൻ സമഗ്രമായ നിയമനിർ‍മാണത്തിന് ജു‍ഡീഷ്യൽ അന്വേഷണം വേണമെന്നാണ് അട്ടപ്പാടി ആക്ഷൻ കൗൺസിലും ആവശ്യപ്പെടുന്നത്.

മധുവിനെ മ‍ർദിച്ചുകൊലപ്പെടുത്തിയ 16 പേരെ അറസ്റ്റുചെയ്ത് കുറ്റപത്രവും നൽകിയിരുന്നു. പക്ഷേ  ഈ അന്വേഷണം പോരെന്നാണ് മധുവിന്‍റെ കുടുംബം പറയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിൽക്കൂടിയാണ് മധുവിനെ പിടികൂടാൻ ആൾക്കൂട്ടം കിലോമീറ്ററുകൾ വനത്തിനുളളിലേക്ക് പോയത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഇവർ എങ്ങനെ പോയെന്നത് കുടുംബത്തിന്‍റെ ചോദ്യമാണ്.

മധുവിനെ പിടിച്ചുകൊണ്ടുവരുമ്പോഴും മർദിക്കുമ്പോഴും ചില വനം വകുപ്പ് ഉദ്യോദസ്ഥർ ദൃക്സാക്ഷികളായിരുന്നു. എന്നാല്‍ അവരാരും മധുവിനെ മര്‍ദ്ദിക്കുന്നത് തടഞ്ഞില്ല. മുക്കാലിയിലെ വനം വകുപ്പിന്‍റെ ചെക്പോസ്റ്റ് കടന്നാണ് ആൾക്കൂട്ടം മധുവിനെ പുറത്തേക്ക് കൊണ്ടുവന്ന് കെട്ടിയിട്ട് തല്ലിയത്. ഇതെല്ലാം ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിച്ചു.

മധുവിന്‍റെ കൊലപാതകത്തിന് തൊട്ടുപിന്നാലെ വനം വകുപ്പ് ആഭ്യന്തര അന്വേഷണം തുടങ്ങിയിരുന്നു. പക്ഷേ പിന്നീടുളള ബഹളത്തിൽ ഇതേക്കുറിച്ച് ആരും ഒന്നും മിണ്ടിയില്ല. ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തിന് യാതൊരു തെളിവുമില്ലെന്നാണ് നിലവിൽ വനം വകുപ്പിന്‍റെ ന്യായം.

error: Content is protected !!