കുടക് ജില്ലയിലെ മൂന്ന് നഗരസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയ്ക്ക് തോല്‍വി

കുടക് ജില്ലയിലെ മൂന്ന് നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് കനത്ത തിരിച്ചടി. മൂന്ന് നഗരസഭയിലും ബി.ജെ.പിയ്ക്ക് ഭരണം നഷ്ടമായി. വിരാജ്പേട്ട, കുശാല്‍നഗര്‍, സോമവാര്‍പേട്ട നഗരസഭകളിലാണ് ബി.ജെ.പി.ക്ക് തിരിച്ചടി നേരിട്ടത്.

18 അംഗ വിരാജ്പേട്ട നഗരസഭയില്‍ എട്ടുസീറ്റ് നേടി ഭരണകക്ഷിയായ ബി.ജെ.പി. ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ കോണ്‍ഗ്രസിന് ആറു സീറ്റും സഖ്യകക്ഷിയായ ജനതാദള്‍ ഒരുസീറ്റിലും വിജയിച്ചു. മൂന്ന് സീറ്റില്‍ സ്വതന്ത്രന്‍മാരാണ് വിജയിച്ചത്. ഇതില്‍ മൂന്നുപേരും കോണ്‍ഗ്രസ്-ജനതാദള്‍ സംഖ്യത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ്.

ബി.ജെ.പി.യില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിച്ച മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ദേശമ്മയ്ക്ക് കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആറാം വാര്‍ഡില്‍നിന്ന് വിജയിച്ച സി.പി.ഐ. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യത്തോടൊപ്പം ചേരും. വിജയിച്ച മൂന്നാമത്തെ സ്വതന്ത്രന്‍ കോണ്‍ഗ്രസ് വിമതനാണ്. ഇവരുടെ പിന്തുണയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

നഗരസഭയില്‍ എം.എല്‍.എ.ക്കും എം.പി.ക്കും വോട്ടവകാശം ഉള്ളതിനാല്‍ വിരാജ്പേട്ട എം.എല്‍.എ.യും കുടക് എം.പി.യും ബി.ജെ.പി. പ്രതിനിധികളാണ്. ഇവര്‍ ബി.ജെ.പി.ക്ക് ഒപ്പം കൂടിയാലും ഇരുപക്ഷത്തും 10 വീതം അംഗങ്ങളാവും. ഇതോടെ സ്വതന്ത്രനെ കൂടെ നിര്‍ത്താനുള്ള ശ്രമം ഇരുപക്ഷവും ആരംഭിച്ചു. മൂന്ന് മലയാളികള്‍ തമ്മില്‍ ഏറ്റുമുട്ടിയ വിരാജ്പേട്ട ടൗണ്‍ വാര്‍ഡായ ഗൗരിക്കരയില്‍ കോണ്‍ഗ്രസിലെ സി.കെ.പ്രിത്യുനാഥ് 199 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. നഗരസഭാ മുന്‍ ചെയര്‍മാനായിരുന്ന ബി.ജെ.പി.യിലെ ഇ.സി. ജീവനെയാണ് പ്രിത്യുനാഥ് പരാജയപ്പെടുത്തിയത്.

16 അംഗ കുശാല്‍നഗര്‍ നഗരസഭയിലും ബി.ജെ.പി.ക്ക് പരാജയം നേരിട്ടു. ബി.ജെ.പി ആറു സീറ്റിലേക്ക് ചുരുങ്ങിയപ്പോള്‍ തനിച്ച് മത്സരിച്ച കോണ്‍ഗ്രസ് ആറു സീറ്റ് നേടി കരുത്തുകാട്ടി. ജനതാദള്‍ നാലു സീറ്റുമായി നിര്‍ണായകശക്തിയായി. ഇവിടെ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം നിവലില്‍ വരും.

സോമവാര്‍പേട്ടയിലാണ് ബി.ജെ.പി.ക്ക് കനത്ത പരാജയം നേരിട്ടത്. 22 വര്‍ഷത്തെ ഭരണത്തിന് അന്ത്യംകുറിച്ച് കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം അധികാരത്തിലേത്തിയത്. 11 അംഗ നഗരസഭാ കൗണ്‍സിലില്‍ ബി.ജെ.പി. മൂന്ന് സീറ്റിലൊതുങ്ങിയപ്പോള്‍ കോണ്‍ഗ്രസ് നാലുസീറ്റ് നേടി ബി.ജെ.പി.യെ ഞെട്ടിച്ചു. ജനതാദള്‍ മൂന്ന് സീറ്റ് നേടിയപ്പോള്‍ സ്വതന്ത്രന്‍ ഒരുസീറ്റില്‍ വിജയിച്ചു.

error: Content is protected !!