തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്‍പ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി

തെരഞ്ഞടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ കര്‍ണാടക രാമനഗരയിലെ ബി.ജെ.പി സ്ഥാനാര്‍ഥി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന എല്‍.ചന്ദ്രശേഖര്‍ ആണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയത്. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് ഇവിടുത്തെ ജെ.ഡി.എസ്-കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ഥി. ഒരുമാസം മുമ്പാണ് ചന്ദ്രശേഖര്‍ ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്നത്.

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച ശേഷമാണ് എല്‍ ചന്ദ്രശേഖര്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോലും ബിജെപിയില്‍ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് എല്‍ ചന്ദ്രശേഖര്‍ ആരോപിക്കുന്നു. ഒരു പാട് പ്രതീക്ഷകളോടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് എംഎല്‍എ സിഎം ലിങ്കപ്പയുടെ മകനാണ് എല്‍ ചന്ദ്രശേഖര്‍.

മകനോട് ബിജെപിയില്‍ ചേരരുതെന്ന് നിര്‍ദേശിച്ചതായിരുന്നുവെന്ന് സിഎം ലിങ്കപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. നവംബര്‍ 3നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ചന്ദ്രശേഖറെ നിര്‍ബന്ധിച്ച് പാര്‍ട്ടിയില്‍ ചേര്‍ത്ത ബിജെപി തന്നെയാണ് ഈ തിരിച്ചടിക്ക് ഉത്തരവാദിയെന്ന് എച്ച് ഡി കുമാരസ്വാമി പറഞ്ഞു. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

error: Content is protected !!