കെടി അദീബിന്‍റെ രാജി സ്വീകരിക്കുമെന്ന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍

മന്ത്രി കെടി ജലീലിന്‍റെ ബന്ധു കെടി അദീബിന്‍റെ രാജി സ്വീകരിക്കുമെന്ന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ . കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്‍റെയാണ് തീരുമാനം. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ  ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് കെടി അദീബ് ഇന്നലെയാണ് രാജിക്കത്ത് നല്‍കിയത്.

ആത്മാഭിമാനത്തിന് മുറിവേറ്റ സാഹചര്യത്തില്‍ തസ്തികയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും, സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് തിരികെ അയക്കണമെന്നുമാവശ്യപ്പെട്ടുള്ള രാജിക്കത്ത് ഇ-മെയില്‍ മുഖേനയാണ് എംഡിക്ക് നല്‍കിയത്. വിവാദ നിയമനം അജണ്ടയായ ഡയറക്ടര്‍ ബോര്‍ഡ് രാജി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

ഇതിനിടെ മന്ത്രി കെടി ജലീലിന്‍റെ  വാദങ്ങള്‍ക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഇന്നും രംഗത്തെത്തി. സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്റ്റ്യാറ്റ്യട്ടറി ബോഡിയാണെന്ന  മന്ത്രിയുടെ വാദത്തെ  സാഗര്‍ തോമസ്-ഫെഡറല്‍ ബാങ്ക് കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പി കെ ഫിറോസ് ചോദ്യം ചെയ്തു.

വിവാദം നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ പ്രതികരണം.  കൂടുതല്‍ തെളിവുകളുണ്ടെങ്കില്‍ പ്രതിപക്ഷം പുറത്തുകൊണ്ടുവരട്ടേയെന്നും സ്പീക്കര്‍ പറഞ്ഞു. ക്രമക്കേടില്‍ മന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യമാണ് യൂത്ത് ലീഗ് ഉന്നയിക്കുന്നത്.

error: Content is protected !!