രാഹുല്‍ ഗാന്ധി വിശ്വാസികളെ വഞ്ചിക്കുകയായിരുന്നു; കെ.എസ് രാധാകൃഷ്ണന്‍

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശ്വാസികളെ വഞ്ചിക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് സഹയാത്രികനും മുന്‍ പി.എസ്.സി ചെയര്‍മാനുമായ ഡോ. കെ.എസ് രാധാകൃഷ്ണന്‍. സനാതന ഹിന്ദുവും ബ്രാഹ്മണനുമാണെന്ന് അവകാശപ്പെടുന്ന രാഹുല്‍ ഗാന്ധി ശബരിമല വിഷയത്തില്‍ നിലപാട് സ്വീകരിക്കുമ്പോള്‍ അതില്‍ വൈരുദ്ധ്യമുണ്ട്. വിശ്വാസികളെ വഞ്ചിക്കുന്ന നിലപാടാണ് ഇക്കാര്യത്തില്‍ രാഹുല്‍ സ്വീകരിച്ചതെന്നും രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

കെ. സുധാകരനെപ്പോലെ കരുത്തുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലെത്തിയാലും അത്ഭുതമില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. 16% വോട്ടുള്ള ബി.ജെ.പി സാമാന്യം ഭേദപ്പെട്ട പാര്‍ട്ടിയാണ്. കെ. സുധാകരനെപ്പോലെ കരുത്തുള്ള ഒരു നേതാവിനെ കിട്ടിയാല്‍ അവര്‍ക്ക് പ്രയോജനമുണ്ടാകും. അങ്ങനെ അവര്‍ കരുതിയതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. രാമന്‍ നായര്‍ ബി.ജെ.പിയില്‍ പോയത് വിജയസാധ്യതയുള്ള സീറ്റ് ലഭിക്കുമെന്ന ഉറപ്പിന്മേലാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍ ആദര്‍ശത്തിന് വലിയ സ്ഥാനമൊന്നുമില്ല. ജനങ്ങള്‍ വികാരഭരിതരായി പ്രതികരിക്കുമ്പോള്‍ അത് വോട്ടിനെ ബാധിക്കും. അതിന്റെ നേട്ടം ബി.ജെ.പിക്കുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഹിന്ദുക്കളില്‍ കുറേപ്പേര്‍ കോണ്‍ഗ്രസില്‍ നിന്നും സി.പി.ഐ.എമ്മില്‍ നിന്നും അകന്നുപോകുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.നേരത്തെ ശബരിമല വിധിയ്‌ക്കെതിരെ എറണാകുളത്ത് അയ്യപ്പ സേവാസംഘം നടത്തിയ പരിപാടിയില്‍ കെ.എസ് രാധാകൃഷ്ണന്‍ പങ്കെടുത്തിരുന്നു.

error: Content is protected !!