സന്നിധാനത്തേക്ക് പോകാനെത്തിയ കെ. സുരേന്ദ്രൻ കസ്റ്റഡിയിൽ; നിലയ്ക്കലില്‍ വച്ച് തടഞ്ഞു

ആറേ മുക്കാലോടെ സന്നിധാനത്തേക്ക് പുറപ്പെട്ട ബിജെപി നേതാവ് കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു. ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്‍റ് നാഗേഷിനെയും പൊലീസ് ഒപ്പം കസ്റ്റഡിയിലെടുത്തു. ഇരുമുടിക്കെട്ടുമായാണ് കെ.സുരേന്ദ്രന്‍ സന്നിധാനത്തേക്ക് തീങ്ങിയത്. കെ.സുരേന്ദ്രന്‍റെ കൂടെ ഏഴ് പേരുമുണ്ടായിരുന്നു. പോലീസിന്റെ എല്ലാ നിയന്ത്രണ നിർദേശങ്ങളും അനുസരിക്കുമെന്നും എന്നാല്‍ തനിക്ക് ദർശനം നിഷേധിക്കരുതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

നട അടയ്ക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് വരെ മാത്രമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂവെന്നും രാത്രിയില്‍ സന്നിധാനത്തേക്ക് ആരെയും കടത്തിവിടില്ലെന്നും എസ്പി പറഞ്ഞു. മടങ്ങിപ്പോകണമെന്ന് പല തവണ സുരേന്ദ്രനോട് എസ്പി മടങ്ങിപ്പോകാൻ അഭ്യർഥിച്ചു. അല്ലെങ്കിൽ കൺട്രോൾ റൂമിലേക്ക് വരാൻ നിർദേശിച്ചു. എന്നാല്‍ സന്നിധാനത്തേക്ക് എന്തുവന്നാലും പോകുമെന്ന ഉറച്ച നിലപാടിൽ കെ.സുരേന്ദ്രന്‍ തുടർന്നു. സ്ഥലത്തേയ്ക്ക് കൂടുതൽ പൊലീസുദ്യോഗസ്ഥരെത്തി. തുടർന്ന് സ്ഥലത്ത് വാക്കുതർക്കമായി. മൂന്ന് തവണ പൊലീസ് വിലക്ക് ലംഘിച്ച് സുരേന്ദ്രൻ മുന്നോട്ട് പോകാൻ ശ്രമിച്ചു.

അരമണിക്കൂറോളം നീണ്ട വാക്കുതർക്കത്തിന് ശേഷമാണ് സുരേന്ദ്രനെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തത്. സുരേന്ദ്രൻ അടക്കം നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂടെയുണ്ടായിരുന്ന ബാക്കി മൂന്ന് പേരെ വിട്ടയച്ചു. സുരേന്ദ്രന്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.

ഇന്ന് പുലർച്ചെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ കരുതൽ കസ്റ്റഡിയിലെടുത്ത അതേ തന്ത്രം തന്നെയാണ് പൊലീസ് തുടരുന്നത്. സന്നിധാനത്ത് പ്രധാനപ്പെട്ട നേതാക്കളെത്തി പ്രതിഷേധങ്ങൾക്ക് രൂപം നൽകാതിരിക്കുക, അങ്ങനെ സന്നിധാനത്തിന്‍റെ നിയന്ത്രണം പൊലീസിന്‍റെ കയ്യിൽ നിന്ന് നഷ്ടമാകാതിരിക്കുക എന്ന രീതിയിലാണ് പൊലീസ് ഇത്തവണ മുന്നോട്ടു പോകുന്നത്.

error: Content is protected !!