കണ്ണൂരിൽനിന്ന് ഗൾഫിലേക്കുള്ള ആദ്യ വിമാനം ‘ഹൗസ് ഫുൾ’

 കണ്ണൂരിൽനിന്നുള്ള ആദ്യവിമാനത്തിലേക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റഴിച്ചുവെന്ന്  റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ ബുക്കിങ് തുടങ്ങി മണിക്കൂറുകൾക്കകമാണ് ടിക്കറ്റുകളെല്ലാം വിറ്റഴിച്ചതെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂരിൽനിന്ന് ഉദ്ഘാടന സർവ്വീസ് അബുദബിയിലേക്കാണ്. ഉദ്ഘാടന ദിവസമായ ഡിസംബർ ഒമ്പതിന് എയർഇന്ത്യ എക്സ്പ്രസ് നടത്തുന്ന ഈ സർവ്വീസിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. എന്നാൽ അതിവേഗം ടിക്കറ്റുകളെല്ലാം ബുക്ക് ചെയ്യപ്പെടുകയായിരുന്നു.

ബോയിങ് 737/800 വിമാനമാണ് കണ്ണൂർ-അബുദബി റൂട്ടിൽ സർവ്വീസ് നടത്തുന്നത്. ഉദ്ഘാടന ദിവസം കണ്ണൂരിൽനിന്ന് ഇന്ത്യൻ സമയം രാവിലെ 10 മണിക്ക് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.30ഓടെ അബുദബിയിലെത്തും. ഇതേ വിമാനം 1.30ന് അബുദബിയിൽനിന്ന് പുറപ്പെട്ട് വൈകിട്ട് ഏഴു മണിയോടെ കണ്ണൂരിലെത്തും. എന്നാൽ സ്ഥിരം സർവ്വീസ് തുടങ്ങുമ്പോൾ സമയക്രമത്തിൽ മാറ്റമുണ്ട്. അത് ചുവടെ കൊടുത്തിരിക്കുന്നു.

ആഴ്ചയിൽ മൂന്ന് ദിവസമാണ് കണ്ണൂർ-അബുദബി-കണ്ണൂർ റൂട്ടിൽ എയർഇന്ത്യ എക്സ്പ്രസ് സർവ്വീസ് നടത്തുന്നത്. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലാണ് സർവ്വീസ്. ഉദ്ഘാടനദിവസത്തെ അപേക്ഷിച്ച് സ്ഥിരം സമയക്രമത്തിൽ മാറ്റമുണ്ട്. രാവിലെ ഒമ്പത് മണിക്ക് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 11.30ന് അബുദബിയിലെത്തും. തിരിച്ച് 12.30ന് പുറപ്പെട്ട് വൈകിട്ട് ആറുമണിയോടെ കണ്ണൂരിലെത്തും.

error: Content is protected !!