സനല്‍ കൊല്ലപ്പെട്ട സ്ഥലത്ത് കുടുംബത്തിന്‍റെ ഉപവാസം

നെയ്യാറ്റിന്‍കര സനൽകുമാര്‍ വധക്കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിന്‍റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് സനലിന്‍റെ ഭാര്യ നടത്തുന്ന ഉപവാസ സമരം ആരംഭിച്ചു. നെയ്യാറ്റിൻകരയിൽ സനൽ അപകടത്തിൽ മ‍രിച്ച സ്ഥലത്താണ് വിജിയും കുടുംബാംഗങ്ങളും ഉപവസിക്കുന്നത്.  സനലിന്‍റെ അച്ഛനും അമ്മയും സഹോദരിയും നാട്ടുകാരുമടക്കം നിരവധി പേര്‍ ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്.

മുന്‍ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരനടക്കമുള്ളവര്‍ ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്. അധികാരികൾക്ക് മുന്നിലുള്ള പ്രാർത്ഥനയാണ് നടത്തുന്നതെന്ന് സനിലിന്‍റെ ഭാര്യ വിജി പറഞ്ഞു. ഹരികുമാറിനെ പിടികൂടാത്തത് വന്‍ വീഴ്ചയാണെന്ന് സുധീരന്‍ പറഞ്ഞു. പൊലീസിന്‍റെ ഭാഗത്തു നിന്നും പ്രതിക്ക് സഹായം ലഭിക്കുന്നതായും അദ്ദേഹം ആരോപിച്ചു. രാവിലെ 8.30ന് ആരംഭിച്ച ഉപവാസം വൈകുന്നേരം നാല് മണിവരെ നീളും.

അതിനിടെ ഡിവൈഎസ്പി ഹരികുമാറിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തയ്യാറാക്കി.  കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സനലിന്‍റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറിന് മുന്നിലേക്ക് സനലിനെ മനപ്പൂര്‍വം തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവം കണ്ട സാക്ഷികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം സെഷന്‍സ് കോടതി നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഹരികുമാറിന് ജാമ്യം നല്‍കരുതെന്ന് വ്യക്തമാക്കിയാണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നത്.

റിപ്പോര്‍ട്ടില്‍ കൂടുതല്‍ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമതത്തിയതായും വ്യക്തമാക്കുന്നുണ്ട്. പ്രതികളെ സഹായിച്ചവരും തെളിവു നശിപ്പിച്ചവരും അടക്കം കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതിനാല്‍   പൊലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, സംഘംചേരല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകളാണ് ഹരികുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

നേരത്തെ കൊലപാതക കേസ് മാത്രമായിരുന്നു ലോക്കല്‍ പൊലീസ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്.  കഴിഞ്ഞ ആഴ്ചയാണ് നെയ്യാറ്റിന്‍കരയില്‍ സനലിനെ ഡിവൈഎസ്പി ഹരികുമാര്‍ സനലിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. സംഭവം നടന്ന് എട്ട് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാനായിട്ടില്ല.

error: Content is protected !!