ആഘോഷ പരിപാടികളില്ലാതെ ഇന്ന് കേരളപ്പിറവി

സംസ്ഥാനം നിലവിൽ വന്ന് അറുപത്തി രണ്ട് വർഷം പൂർത്തിയാകുന്നു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഔദ്യോഗിക ആഘോഷ പരിപാടികൾ ഒന്നുമില്ല.

ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടി ഇന്ത്യൻ യൂണിയൻ രൂപീകൃതമായിട്ടും മലബാറും തിരുകൊച്ചിയും തിരുവിതാംകൂറുമായി ഭിന്നിച്ചു നിൽക്കുകയായിരുന്നു മലയാളികൾ.
1947ൽ തുടങ്ങിയ ഭാഷാ സംസ്ഥാന രൂപീകരണമെന്ന ആശയം ശക്തമായപ്പോഴാണ് 5 ജില്ലകളെ കോർത്തിണക്കി ഐക്യ കേരളത്തിന്റെ പിറവി. 1956 നവംബർ ഒന്നിന് കേരളം യാഥാർത്ഥ്യമായി.

തിരു കൊച്ചി, തിരുവിതാംകൂർ രാജവംശങ്ങളുടെ ഭരണത്തിനും അതോടെ അറുതിയായി. ആദ്യ തെരെഞ്ഞെടുപ്പും കേരളത്തെ ലോകത്തിന് മുന്നിൽ വ്യത്യസ്തരാക്കി. ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ എന്ന റെക്കോർഡ് ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്. പിന്നീട് സംഭവ ബഹുലമായ അര നൂറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രത്തിലൂടെയാണ് കേരളം കടന്നുപോയത്.

സാംസ്കാരിക രംഗത്തും വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെല്ലാം രാജ്യത്തെ മുന്നോട്ട് നയിക്കാനും മാതൃകയാകാനും എന്നും മലയാളികൾ മത്സരിച്ചു. കായിക രംഗത്തും സിനിമയിലും സംഗീതത്തിലുമെല്ലാം എണ്ണം പറഞ്ഞ പ്രതിഭകൾ. അറുപത്തി രണ്ടാം ജന്മ ദിനം സംസ്ഥാനം ആഘോഷിക്കുമ്പോള്‍ പ്രളയത്തിന് ശേഷം പുതുകേരളം നിർമ്മിക്കാനുള്ള ശ്രമത്തിൽ കൂടിയാണ് മലയാളികൾ.

error: Content is protected !!